അമിത് ഷായും ജെ.പി. നഡ്ഡയും ഇന്ന് ബീഹാറിൽ; പട്നയിൽ നിർണായക യോഗങ്ങൾ
|എം.എൽ.എമാർ കൂറുമാറുന്നത് തടയാൻ കോൺഗ്രസ്
പട്ന: ബീഹാറിൽ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ജെ.ഡി.യുവിൻെറ എൻ.ഡി.എ പ്രവേശനം ഇന്ന് ഉണ്ടായേക്കും. ജെ.ഡി.യു, കോൺഗ്രസ്, ബി.ജെ.പി പാർട്ടികളുടെ നിർണായക യോഗങ്ങൾ ഇന്ന് പട്നയിൽ നടക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരും ഇന്ന് ബീഹാറിൽ എത്തും.
അവധി ദിനമാണെങ്കിലും ബീഹാറിലെ സെക്രട്ടേറിയേറ്റ് ഇന്നും പ്രവർത്തിക്കും എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 9 മണിക്ക് ബി.ജെ.പി എം.എൽ.എമാരുടെ യോഗവും 10 മണിക്ക് ജെ.ഡി.യു പാർലമെൻ്ററി പാർട്ടി യോഗവും ഇന്ന് പട്നയിൽ ചേരും.
ഏഴോളം കോൺഗ്രസ് എം.എൽ.എമാരെ ഫോണിൽ ബന്ധപ്പെടാൻ പാർട്ടി നേതൃത്വത്തിന് സാധിച്ചിട്ടില്ല എന്നനണ് സൂചന. തങ്ങൾക്ക് ചില കോൺഗ്രസ് എം.എൽ.എമാരുടെ പിന്തുണ ഉണ്ടെന്ന് ജെ.ഡി.യു ഇന്നലെ അവകാശവാദം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ എം.എൽ.എമാർ കൂറുമാറുന്നത് തടയാനാണ് കോൺഗ്രസ് നീക്കം.
ഇന്നലെ മുഴുവൻ എം.എൽ.എമാരും എത്താത്തതിനെ തുടർന്ന് മാറ്റിവെച്ച യോഗം കോൺഗ്രസ് ഇന്ന് ചേരും. സ്വന്തം പാർട്ടിയിൽ നിന്നുള്ള എം.എൽ.എമാരുടെ ചോർച്ച തടയുന്നതിന് ഒപ്പം ഹിന്ദുസ്ഥാനി അവാമി മോർച്ചയുടെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി ഉണ്ട് എ.ഐ.സി.സി നിയോഗിച്ച നിരീക്ഷകനായ ഭൂപേഷ് ബാഗലിൻ്റെ പട്ന സന്ദർശനത്തിൽ.
ഇൻഡ്യ മുന്നണിയും മഹാഘട്ട്ബന്ധനും തകർത്ത് പുറത്തുപോകുന്ന നിതീഷ് കുമാർ ഇന്ന് വൈകീട്ട് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ബംഗാൾ സന്ദർശനം മാറ്റിവെച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡയും ബീഹാറിൽ എത്തുന്നത്. നിതീഷ് കുമാർ ഗവർണറെ കണ്ടാൽ മറുനീക്കങ്ങൾ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തതിലുള്ള ആർ.ജെ.ഡിയും ആസൂത്രണം ചെയ്യുന്നുണ്ട്.
Summary : Nitish Kumar-led JDU may join NDA in Bihar today