"സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാ വിളിച്ചു'; 'നോ' പറഞ്ഞുവെന്ന് ഈശ്വരപ്പ
|തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പിന്നിലെ എൻ്റെ വികാരം ഷാ മനസ്സിലാക്കിയിട്ടുണ്ടാകണം
ഷിമോഗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷാ വിളിച്ചുവെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പ. എന്നാല്‍ താന്‍ ഇല്ലെന്ന് പറഞ്ഞെന്നും മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഷാ തന്നെ വിളിച്ച് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ലെന്നും ഈശ്വരപ്പ പറഞ്ഞു."ഇന്ന് രാവിലെ അമിത് ഷാ എന്നെ വിളിച്ചിരുന്നു. ഇത്രയും മുതിര്‍ന്ന നേതാവായ നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അതിശയിപ്പിക്കുന്നുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ എന്തിനാണ് മത്സരിക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു," ഈശ്വരപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ''തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും നാമനിർദേശ പത്രിക പിൻവലിക്കണമെന്നും അമിത് ഷാ എന്നോട് ആവശ്യപ്പെട്ടു. എല്ലാ ആവശ്യങ്ങളും വരും ദിവസങ്ങളിൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.മൂന്ന് മാസം മുമ്പ് ഞാൻ ഡൽഹിയിൽ പോയിരുന്നു, ഞാൻ അദ്ദേഹത്തോട് (പാർട്ടിയിലെ നിലവിലുള്ള സാഹചര്യം) വിശദീകരിച്ചിരുന്നു, എന്നാൽ സ്ഥിതിയിൽ മാറ്റങ്ങളൊന്നും ഉണ്ടായില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ഡല്‍ഹിയില്‍ വച്ച് തന്നെ കാണണമെന്നും ഷാ തന്നോട് ആവശ്യപ്പെട്ടു. താൻ സമ്മതിച്ചെന്നും എന്നാൽ തൻ്റെ തീരുമാനം പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തരുതെന്നും അത് തനിക്ക് പ്രശ്‌നമുണ്ടാക്കുമെന്നും അമിത് ഷായോട് പറഞ്ഞുവെന്നും ഈശ്വരപ്പ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പിന്നിലെ എൻ്റെ വികാരം അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടാകണം. താൻ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും മത്സരിക്കുന്നതിന് പിന്നിലുള്ള എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാൻ ഇത് സഹായിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു.മകൻ്റെ രാഷ്ട്രീയ ഭാവി ശ്രദ്ധിക്കുമെന്ന് ഷാ ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർട്ടിയുടെ 'ശുദ്ധീകരണം' ആഗ്രഹിക്കുന്ന എല്ലാ പ്രവർത്തകരും വേദന അനുഭവിക്കുന്നത് പോലെ തന്നെയും വേദനിപ്പിച്ചതിനാലാണ് മത്സരിക്കുന്നതെന്ന് ഷായോട് പറഞ്ഞതായി ഈശ്വരപ്പ വ്യക്തമാക്കി. കുടുംബ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് കർണാടകയിലെ ബി.ജെപി ഘടകം പിന്തുടരണമെന്ന് ഈശ്വരപ്പ ആവശ്യപ്പെട്ടു.
ഒരു രാഷ്ട്രീയ പാർട്ടിയെ ഒരു കുടുംബത്തിൽ നിന്ന് മോചിപ്പിക്കാനാണ് നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുന്നതെന്നും എന്നാൽ ബി.ജെ.പി കർണാടക ഘടകത്തിൽ കോൺഗ്രസ് സംസ്കാരം വളരുകയാണ്. പാർട്ടി മുഴുവൻ ഒരു കുടുംബത്തിൻ്റെ നിയന്ത്രണത്തിലാണെന്നത് അന്യായമാണെന്നും ഈശ്വരപ്പ പറഞ്ഞു. പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ ഇത് വേദനിപ്പിച്ചു.'അച്ഛൻ്റെയും മക്കളുടെയും' നിയന്ത്രണത്തിൽ നിന്ന് ബി.ജെ.പിയെ മോചിപ്പിക്കാനാണ് ഞാൻ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. യെദ്യൂരപ്പയെയും അദ്ദേഹത്തിൻ്റെ മക്കളും ശിവമോഗ എംപിയായ രാഘവേന്ദ്രയെയും സംസ്ഥാന ഘടകം പ്രസിഡൻ്റും ശിക്കാരിപുര എംഎൽഎയുമായ ബി വൈ വിജയേന്ദ്രയെയും പരാമർശിച്ച് അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പയുടെ കുടുംബത്തിന് ലഭിച്ച പ്രാധാന്യം പാർട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെയും വേദനിപ്പിച്ചിട്ടുണ്ടെന്ന് ഈശ്വരപ്പ കുറ്റപ്പെടുത്തി.
ഹാവേരിയില്‍ മകന്‍ കെ.ഇ കാന്തേഷിന് ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ഷിമോഗയില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കാനുള്ള ഈശ്വരപ്പയുടെ തീരുമാനം. മുതിര്‍ന്ന ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പയുടെ മകനും എം.പിയുമായ ബി.വൈ.രാഘവേന്ദ്രയാണ് ഇവിടുത്തെ ബി.ജെ.പി സ്ഥാനാര്‍ഥി. പാർട്ടിയുടെ പാർലമെൻ്ററി ബോർഡിലെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെയും അംഗമായ യെദ്യൂരപ്പ തൻ്റെ മകന് ടിക്കറ്റ് വാഗ്ദാനം ചെയ്തെങ്കിലും വഞ്ചിച്ചുവെന്ന് പാർട്ടിയുടെ സംസ്ഥാന യൂണിറ്റ് തലവനായും പ്രവർത്തിച്ചിട്ടുള്ള ഈശ്വരപ്പ ആരോപിച്ചിരുന്നു.