India
amit shah

അമിത് ഷാ

India

ബാങ്കിലെ കാഷ്യര്‍ പോലും ഇത്രയധികം തുക കണ്ടിട്ടുണ്ടാകില്ല; കോണ്‍ഗ്രസ് എം.പിയെ സസ്പെന്‍ഡ് ചെയ്യാത്തതില്‍ അമിത് ഷാ

Web Desk
|
12 Dec 2023 6:51 AM GMT

കഴിഞ്ഞ ദിവസമാണ് സാഹുവിന്‍റെ സ്ഥാപനങ്ങളില്‍ നിന്നായി 353 കോടി രൂപ പിടിച്ചെടുത്തത്

ഡല്‍ഹി: കോണ്‍ഗ്രസ് രാജ്യസഭാ എം.പി ധീരജ് പ്രസാദ് സാഹുവില്‍ നിന്നും കോടിക്കണക്കിനു രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിട്ടും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യാത്തതില്‍ ഇന്‍ഡ്യ മുന്നണിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ ദിവസമാണ് സാഹുവിന്‍റെ സ്ഥാപനങ്ങളില്‍ നിന്നായി 353 കോടി രൂപ പിടിച്ചെടുത്തത്. അഞ്ചു ദിവസം കൊണ്ടാണ് പണം എണ്ണിത്തീര്‍ത്തത്.

'' ജാര്‍ഖണ്ഡില്‍ ഒരു എം.പിയുണ്ട്. അദ്ദേഹം ഏതു പാര്‍ട്ടിക്കാരനാണെന്ന് ഞാന്‍ പറയേണ്ടതില്ല. ലോകത്തിനു മുഴുവന്‍ അതിനെക്കുറിച്ച് അറിയാം. ബാങ്ക് കാഷ്യര്‍ പോലും പറയുന്നു. താന്‍ ഇത്രയധികം തുക കണ്ടിട്ടില്ലെന്ന്'' രാജ്യസഭയിൽ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളുടെ ചർച്ചയില്‍ മറുപടി പറയവെയാണ് ഷാ ഇക്കാര്യം പറഞ്ഞത്.എന്നാല്‍ പ്രസ്തുത എം.പിയുടെയോ പാര്‍‌ട്ടിയുടെയോ പേര് അദ്ദേഹം പറഞ്ഞില്ല. അഞ്ചു ദിവസം തുടര്‍ച്ചയായി നോട്ടെണ്ണേണ്ടി വന്നു. 27 വോട്ടെണ്ണല്‍ മെഷീനുകളും ചൂടുപിടിച്ചു. എണ്ണല്‍ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഘമാണ്ഡിയ സഖ്യങ്ങളിലൊന്നും (ഇന്‍ഡ്യ മുന്നണി) അതിനെ കുറിച്ച് അഭിപ്രായം പറയുകയോ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയോ ചെയ്തിട്ടില്ല. ഒരാൾ പോലും" ഷാ പറഞ്ഞു.

ഭുവനേശ്വർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡിന്‍റെ കീഴിലുള്ള സ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പ് തിരച്ചില്‍ നടത്തിയത്. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച പരിശോധന തിങ്കളാഴ്ചയും തുടര്‍ന്നിരുന്നു. 353 കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തത്. ഒരു സ്ഥാപനത്തിൽ നിന്നും ആദായനികുതി വകുപ്പ് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്.അഞ്ചു ദിവസം കൊണ്ടാണ് പണം മുഴുവന്‍ എണ്ണിത്തീര്‍ത്തത്. 50 ബാങ്ക് ഉദ്യോഗസ്ഥരും 40 വോട്ടെണ്ണല്‍ മെഷീനുകളും വേണ്ടിവന്നു ഈ ഉദ്യമത്തിന്. എം.പിയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ഒഡിഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറിയിൽ നിന്നാണ് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തത്. ബലംഗീർ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 305 കോടിയാണ് കണ്ടെടുത്തത്. സംബല്‍പൂരില്‍ നിന്ന് 37.5 കോടിയും തിത്‌ലഗഢില്‍ 11 കോടിയും പിടിച്ചെടുത്തു. ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം, ആദായനികുതി വകുപ്പ് അടുത്തിടെ നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത എല്ലാ പണവും തിങ്കളാഴ്ച ബലംഗീറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ശാഖയിൽ നിക്ഷേപിക്കും.

Similar Posts