നിയമസഭാ തെരഞ്ഞെടുപ്പ്; അഞ്ച് സംസ്ഥാനങ്ങളിലെയും സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനൊരുങ്ങി ബി.ജെ.പി
|കോൺഗ്രസ് സ്ഥാനാർഥി നിർണയം അതിവേഗം പൂർത്തിയാകുന്ന സാഹചര്യത്തിൽ സ്ഥാനാർഥി നിർണയ ചർച്ചകളോടുള്ള സമീപനം മാറ്റാൻ ആണ് ബി.ജെ.പി ദേശീയ നേതൃത്വത്തിൻ്റെ നീക്കം
ഡല്ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ ഒരുങ്ങി ബി.ജെ.പി. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ഇന്ന് ചേരും. കോൺഗ്രസ് സ്ഥാനാർഥി നിർണയം അതിവേഗം പൂർത്തിയാകുന്ന സാഹചര്യത്തിൽ സ്ഥാനാർഥി നിർണയ ചർച്ചകളോടുള്ള സമീപനം മാറ്റാൻ ആണ് ബി.ജെ.പി ദേശീയ നേതൃത്വത്തിൻ്റെ നീക്കം.
സ്ഥാനാർഥി പ്രഖ്യാപനം ആദ്യം തുടങ്ങിയ ബിജെപിയേക്കാൾ വളരെ മുൻപിലാണ് കോൺഗ്രസ്. ഈ സാഹചര്യത്തിൽ പ്രാദേശിക നേതാക്കൾ സീറ്റിന് വേണ്ടി നടത്തുന്ന അവകാശവാദങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ ആണ് ബി.ജെ.പി തീരുമാനം. മധ്യപ്രദേശിൽ ഉൾപ്പടെ വിമത ഭീഷണി ഉണ്ടെങ്കിലും ഇത് രാജസ്ഥാനിലെ പോലെ ശക്തമല്ല. സീറ്റ് നഷ്ടപ്പെട്ട മന്ത്രിസഭാ അംഗങ്ങൾ ആണ് മധ്യപ്രദേശിൽ വിമത സ്വരം ഉയർത്തുന്നത്. ഇന്നലെ മിസോറാമിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 53 സ്ഥാനാർഥുകളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചതോടെ 83 സീറ്റുകളിലും കോൺഗ്രസ് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കി.
പ്രധാനമന്ത്രി ഉൾപ്പടെ ഉള്ള ദേശീയ നേതാക്കൾ പ്രചരണത്തിന് എത്തിയിട്ടും സ്ഥാനാർഥി നിർണയം പൂർത്തിയാക്കാത്തതിൽ ബിജെപി പാർട്ടി അധ്യക്ഷൻ ഉൾപ്പടെ അതൃപ്തനാണ്. ഇന്ന് ചേരുന്ന നിർണായക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ചർച്ചകൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി. ഇന്നും നാളെയുമായി അഞ്ച് സംസ്ഥാനങ്ങളിലേക്കുമുള്ള ബാക്കി സ്ഥാനാർഥികളെയും ബി.ജെ.പി പ്രഖ്യാപിച്ചേക്കും.