ഊർജ പ്രതിസന്ധി: മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് അമിത് ഷാ
|കൽക്കരി ക്ഷാമത്തെത്തുടർന്ന് കടുത്ത ഊർജ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്
രാജ്യം നേരിടുന്ന കടുത്ത ഊർജ പ്രതിസന്ധിയിൽ മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൽക്കരി-ഊർജ മന്ത്രാലയങ്ങളുടെ ചുമതലയുള്ള മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗമാണ് വിളിച്ചുചേർത്തത്. സംസ്ഥാനങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
കൽക്കരി ക്ഷാമത്തെത്തുടർന്ന് കടുത്ത ഊർജ പ്രതിസന്ധിയാണ് രാജ്യം ഇപ്പോൾ നേരിടുന്നത്. പല സംസ്ഥാനങ്ങളിലും താപവൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനം നിലച്ച സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് കേന്ദ്രം അടിയന്തര നടപടികള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. വൈദ്യുതിക്ഷാമം രൂക്ഷമായതോടെ യുപി, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ പവര്‍കട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ താപനിലയങ്ങളില്‍ രണ്ടോ മൂന്നോ ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമേ ബാക്കിയുള്ളൂവെന്ന് വൈദ്യുതിമന്ത്രി സത്യേന്ദ്ര ജൈന്‍ അറിയിച്ചു.
ഇപ്പോള്‍ 55 ശതമാനം വൈദ്യുതി ഉത്പാദനം മാത്രമാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്തെ വൈദ്യുതി ഉത്പാദനത്തിന്‍റെ 70 ശതമാനവും കല്‍ക്കരിയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. കല്‍ക്കരി ഉപയോഗിക്കുന്ന 135 താപവൈദ്യുത നിലയങ്ങളാണ് രാജ്യത്തുള്ളത്. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം 110 നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമാണ്.
രാജ്യത്ത് കല്‍ക്കരിക്ഷാമമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡല്‍ഹി അടക്കം രാജ്യത്തെ ആറിലധികം സംസ്ഥാനങ്ങളില്‍ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 'നമുക്ക് ആവശ്യത്തിനുള്ള വൈദ്യുതി ലഭ്യമാണ്. രാജ്യത്ത് മുഴുവന്‍ സുഗമമായി വൈദ്യുതിവിതരണം നടക്കുന്നുണ്ട്. ആര്‍ക്കാണ് വൈദ്യുതിവേണ്ടത്? എനിക്കൊരു അപേക്ഷ തന്നാല്‍ അവര്‍ക്ക് വൈദ്യുതി ലഭ്യമാക്കും' മന്ത്രി പറഞ്ഞു.