India
ക്രമസമാധാനത്തില്‍ യു.പി മുന്‍പന്തിയിലെന്ന് അമിത് ഷാ
India

ക്രമസമാധാനത്തില്‍ യു.പി മുന്‍പന്തിയിലെന്ന് അമിത് ഷാ

Web Desk
|
1 Aug 2021 3:42 PM GMT

ജാതി അടിസ്ഥാനമാക്കിയോ, കുടുംബം നോക്കിയോ അടുപ്പക്കാര്‍ക്കു വേണ്ടിയോ അല്ല ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

ക്രമസമാധാന പാലനത്തില്‍ ഉത്തര്‍പ്രദേശ് മുന്‍പന്തിയിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാണെന്ന് പറഞ്ഞ അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിക്കുകയും ചെയ്തു. യു.പിയിലെ ഫോറന്‍സിക് സയന്‍സ് സ്ഥാനപത്തിന് കല്ലിട്ടു കൊണ്ട് സംസാരിക്കുകയായിരുന്ന ഷാ.

2019 വരെ ആറു വര്‍ഷക്കാലം ഉത്തര്‍പ്രദേശിലൂടെ സഞ്ചരിക്കുകയുണ്ടായി. പഴയകാല യു.പിയെ തനിക്ക് നന്നായി അറിയാം. പേടികൊണ്ട് പശ്ചിമ യു.പിയില്‍ നിന്ന് ആളുകള്‍ താമസം മാറിപ്പോകുമായിരുന്നു. സ്ത്രീകള്‍ സുരക്ഷിതരല്ലായിരുന്നു. ഭൂമാഫിയകള്‍ പതിവുകാഴ്ച്ചയായിരുന്നു. പട്ടാപകല്‍ പോലും വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു.

2017ല്‍ ഇതിന് അവസാനം കുറിക്കുമെന്ന് ഉറപ്പു നല്‍കികൊണ്ടാണ് ബി.ജെ.പി എത്തുന്നത്. വികസനവും ക്രമസമാധാന പാലനവും ബി.ജെ.പി ഉറപ്പു നല്‍കി. ഇന്നിപ്പോള്‍ യോഗി ആദിത്യനാഥിന്റെ ടീം ഉത്തര്‍പ്രദേശിനെ മികച്ച സംസ്ഥാനമാക്കി മാറ്റിയെന്നും അമിത് ഷാ പറഞ്ഞു.

ജാതി അടിസ്ഥാനമാക്കിയോ, കുടുംബം നോക്കിയോ അടുപ്പക്കാര്‍ക്കു വേണ്ടിയോ അല്ല ബി.ജെ.പി പണിയെടുക്കുന്നത്. പാവങ്ങളില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. യു.പിയില്‍ വികസന, ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്ന യോഗിയെ അഭിനന്ദിക്കുന്നതായും ഷാ പറഞ്ഞു.

മുഖ്യമന്ത്രി യോഗി അദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Similar Posts