പൗരത്വ ഭേദഗതി നടപ്പാകുന്നതോടെ മറ്റ് മത ന്യൂനപക്ഷങ്ങള്‍ക്കും ഇന്ത്യയില്‍ പൗരത്വം നേടാനാകും: അമിത് ഷാ
|2019 ഡിസംബറില്‍ പാര്‍ലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കി നാല് വര്‍ഷവും മൂന്നുമാസത്തിനും ശേഷമാണ് വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നത്
ഡല്‍ഹി: പൗരത്വനിയമ ഭേഗതി വിജ്ഞാപനം പുറത്തിറക്കിയതായി ഇന്നലെ വൈകീട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ളിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കുന്നതാണ് ഭേദഗതി ബില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
പൗരത്വ ഭേദഗതി വിജ്ഞാപനത്തെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മതത്തിന്റെ പേരില്‍ പീഢിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നേടാന്‍ ഇത് പ്രാപ്തമാക്കുമെന്ന് അമിത് ഷാ പറഞ്ഞു.
'ഈ വിജ്ഞാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജി രാജ്യത്ത് താമസിക്കുന്ന ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ബുദ്ധമതക്കാര്‍ക്കും ജൈനര്‍ക്കും പാഴ്‌സികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും, നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ വാഗ്ദാനം സാക്ഷാത്കരിച്ചു'. ആഭ്യന്തരമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ നിരവധി സംഘടനകള്‍ പ്രതിഷേധം നടത്തി. വിജ്ഞാപനം പുറത്തിറങ്ങിയ ഉടന്‍ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള പ്രസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. രാജ്ഭവനിലേക്കും കേന്ദ്ര സ്ഥാപനങ്ങളിലേക്കെല്ലാം വലിയ പ്രതിഷേധമാണ് നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെയ്‌നുകളടക്കം തടഞ്ഞു.
'തെരഞ്ഞെടുപ്പിനെ ധ്രുവീകരിക്കാനാണ് വിജ്ഞാപനം പാസാക്കിയതെന്ന്' കോണ്‍ഗ്രസ് ആരോപിച്ചു.
2019 ഡിസംബറില്‍ പാര്‍ലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കി നാല് വര്‍ഷവും മൂന്നുമാസത്തിനും ശേഷമാണ് വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നത്. 'സി.എ.എ നിയമങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ എടുത്ത സമയം പ്രധാനമന്ത്രിയുടെ നഗ്നമായ നുണകളുടെ മറ്റൊരു പ്രകടനമാണ്' കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജ് ജയറാം രമേഷ് എക്‌സില്‍ പങ്കുവെച്ചു.
പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്. രാജ്യ വ്യാപകമായി ഒട്ടേറെ പ്രതിഷേധങ്ങളാണ് ഇതിന് മുന്‍മ്പും പൗരത്വ ഭേദഗതി ബില്ലിനെതിരെ അരങ്ങേറിയിട്ടുള്ളത്.