India
amit shah article 370
India

ആർട്ടിക്കിൾ 370 ചരിത്രമായി, അത് ഒരിക്കലും തിരിച്ചുവരില്ല: അമിത് ഷാ

Web Desk
|
6 Sep 2024 1:47 PM GMT

‘ഈ ആർട്ടിക്കിൾ യുവാക്കളുടെ കൈകളിൽ ആയുധങ്ങളും കല്ലുകളും മാത്രമാണ് നൽകിയത്’

ജമ്മു: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി പ്രകടന പത്രിക പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിന് ​പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ചരിത്രമായി മാറിയെന്നും അത് ഒരിക്കലും തിരിച്ചുവരില്ലെന്നും അമിത് ഷാ പറഞ്ഞു. നാഷനൽ കോൺഫറൻസ് അടക്കമുള്ള കക്ഷികൾ ആർട്ടിക്കിൾ 370 തിരി​കെ കൊണ്ടുവരുമെന്ന വാഗ്ദാനവുമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിനിടയിലാണ് അമിത് ഷായുടെ പ്രസ്താവന വരുന്നത്.

കഴിഞ്ഞ 10 വർഷം നീണ്ട കാലഘട്ടം രാജ്യത്തിന്റെയും ജമ്മു കശ്മീരിന്റെയും ചരി​ത്രത്തി​ൽ സുവർണലിപികളിൽ രേഖപ്പെടുത്തു​മെന്ന് അമിത് ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മികച്ച ഭരണം തുടരാൻ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്ന് അദ്ദേഹം വോട്ടർമാരോട് ആവശ്യപ്പെട്ടു.

‘നാഷനൽ കോൺഫറൻസ് പാർട്ടിയുടെ അജണ്ടകളിലൂടെ ഞാൻ കടന്നുപോയി. ആർട്ടിക്കിൾ 370 ചരിത്രമായി മാറിയെന്ന് രാജ്യത്തിനോട് ഒന്നാകെ പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. അത് ഒരിക്കലും തിരിച്ചുവരില്ല’ -പ്രകടനപത്രിക പുറത്തിറക്കും മുമ്പ് അമിത് ഷാ വ്യക്തമാക്കി.

ആർട്ടിക്കിൾ 370 ഇനി ഭരണഘടനയുടെ ഭാഗമല്ല. ഈ ആർട്ടിക്കിൾ യുവാക്കളുടെ കൈകളിൽ ആയുധങ്ങളും കല്ലുകളും മാത്രമാണ് നൽകിയത്. തീവ്രവാദത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ അവർക്ക് സൗകര്യമൊരുക്കുകയും ചെയ്തു. ഫലം എന്തുത​ന്നെ ആയാലും ഗുജ്ജറുകൾക്കും ബക്കർവാളുകൾക്കും പഹാഡികൾക്കും അനുവദിച്ച സംവരണത്തിൽ നിങ്ങളെ തൊടാൻ ഞങ്ങൾഅനുവദിക്കില്ലെന്ന് ഒമർ അബ്ദുല്ലയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ജമ്മു കശ്മീരിൽനിന്ന് തീവ്രവാദത്തെ പൂർണമായും തുടച്ചുനീക്കും. ജമ്മു കശ്മീരിലെ തീവ്രവാദത്തിന്റെ ആവിർഭാവത്തിൽ ഉൾപ്പെട്ടവരെ സംബന്ധിച്ച് ധവളപത്രം പറുത്തിറക്കും. പ്രദേശത്തിന്റെ വികസനം ഉറപ്പാക്കാൻ ഞങ്ങൾക്ക് അഞ്ച് വർഷം നൽകണമെന്നും അമിത് ഷാ പറഞ്ഞു.

രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അദ്ദേഹം കശ്മീരിലെത്തിയത്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.

Similar Posts