'സത്യം എന്നും ഇരുട്ടിലാകില്ല'; മോദിക്ക് പിന്നാലെ 'ദ സബർമതി റിപ്പോർട്ടി'നെ പുകഴ്ത്തി അമിത് ഷാ
|വ്യാജ ആഖ്യാനങ്ങൾ കുറച്ചുകാലം മാത്രമേ നിലനിൽക്കൂവെന്നും സത്യം ഒടുവിൽ പുറത്തുവരുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം
ഡൽഹി: ഗോധ്ര ട്രെയിൻ തീവെപ്പ് സംഭവം ആധാരമാക്കി പുറത്തിറങ്ങിയ ‘ദ സബർമതി റിപ്പോർട്ട്’ എന്ന സിനിമയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എത്ര ശ്രമിച്ചാലും സത്യം എന്നെന്നേക്കുമായി ഇരുട്ടിൽ മറയ്ക്കാൻ കഴിയില്ലെന്നും ഒരുനാൾ വെളിച്ചത്ത് വരുമെന്നുമാണ് അമിത് ഷായുടെ എക്സ് പോസ്റ്റ്. സിനിമയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം വരുന്നത്.
എത്ര ശ്രമിച്ചാലും സത്യത്തെ എന്നെന്നേക്കുമായി ഇരുട്ടിൽ മറയ്ക്കാൻ കഴിയില്ല. സബർമതി റിപ്പോർട്ട് എന്ന സിനിമ സമാനതകളില്ലാത്ത ധൈര്യത്തോടെ വ്യവസ്ഥയെ വെല്ലുവിളിക്കുകയും നിർഭാഗ്യകരമായ ഒരു എപ്പിസോഡിന്റെ പിന്നിലെ സത്യത്തെ പകൽ വെളിച്ചത്തിൽ തുറന്നു കാട്ടുകയും ചെയ്യുന്നുവെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.
വ്യാജ ആഖ്യാനങ്ങൾ കുറച്ചുകാലം മാത്രമേ നിലനിൽക്കൂവെന്നും സത്യം ഒടുവിൽ പുറത്തുവരുമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റ്. ധീരജ് സർണയുടെ സംവിധാനത്തിൽ വിക്രാന്ത് മാസി പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ‘ദ സബർമതി റിപ്പോർട്ട്’. ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്രാന്ത് മാസിയെത്തുന്നത്. റാഷി ഖന്ന, റിധി ഡോഗ്ര എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
2002 ഫെബ്രുവരി 27നാണ് അയോധ്യയിൽനിന്നു മടങ്ങുകയായിരുന്ന കർസേവകർ സഞ്ചരിച്ച സബർമതി എക്‌സ്‌പ്രസിന്റെ എസ്-6 ബോഗി അഗ്നിക്കിരയായത്. സംഭവത്തിൽ 59 പേർ മരിച്ചു. 1600 ഓളം പേർ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിനു വഴിമരുന്നിട്ടത് ഈ സംഭവമാണ്.