'ബുള്ളറ്റ് പ്രൂഫ് മാറ്റൂ, കശ്മീരികളോട് എനിക്ക് നേരിട്ട് സംസാരിക്കണം' സുരക്ഷാ കവചം എടുത്ത് മാറ്റാനാവശ്യപ്പെട്ട് അമിത് ഷാ
|ഷേറെ കശ്മീർ ഇന്‍റര്‍ നാഷണല്‍ കൺവെൻഷൻ സെന്‍ററില്‍ വച്ചാണ് അമിത് ഷാ സുരക്ഷാ കവചങ്ങൾ നീക്കം ചെയ്യാൻ പറഞ്ഞത്.
കശ്മീരിൽ പ്രസംഗവേദിയിൽ സ്ഥാപിച്ച ബുള്ളറ്റ് പ്രൂഫുകൾ എടുത്തുമാറ്റിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീർ ജനതയോട് തനിക്ക് ഒരു സുരക്ഷാ കവചങ്ങളുമില്ലാതെ തുറന്നു സംസാരിക്കണമെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രീനഗറിലെ ഷേറെ കശ്മീർ ഇന്‍റര്‍ നാഷണല്‍ കൺവെൻഷൻ സെന്‍ററില്‍ വച്ചാണ് അമിത് ഷാ സുരക്ഷാ കവചങ്ങൾ നീക്കം ചെയ്യാൻ പറഞ്ഞത്.
'ഞാനിവിടെ എത്തുമ്പോൾ വേദി നിറയെ ബുള്ളറ്റ് പ്രൂഫുകളാണ്. ഞാനേറെ അപമാനിതനായി. പരിഹസിക്കപ്പെടുകയാണ് എന്നെനിക്ക് തോന്നിയത് കൊണ്ടാണ് ബുള്ളറ്റ് പ്രൂഫുകൾ എടുത്ത് മാറ്റിയത്. ഒരു സുരക്ഷാ കവചവുമില്ലാതെ എനിക്ക് നിങ്ങളോട് തുറന്ന് സംസാരിക്കണം'. അമിത് ഷാ പറഞ്ഞു.
കശ്മീരികളുടെ പരമ്പരാഗത വേഷത്തിൽ വേദിയിലെത്തിയ അമിത് ഷാ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയോട് ബുള്ളറ്റ് പ്രൂഫുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
#WATCH | J&K Lieutenant Governor Manoj Sinha had the bulletproof glass shield removed from the podium before addressing a gathering in Srinagar earlier today. pic.twitter.com/s41gF7icDN
— ANI (@ANI) October 25, 2021
'ഫാറൂഖ് അബ്ദുല്ല തന്നോട് പാക്കിസ്ഥാനോട് സംസാരിക്കണം എന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ കശ്മീരിലെ യുവാക്കളോടും ഇവിടെയുള്ള മനുഷ്യരോടുമാണ് ഞാൻ സംസാരിക്കുക'. അമിത് ഷാ പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ കശ്മീരിലെത്തിയത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം അമിത്ഷായുടെ ആദ്യ കശ്മീർ സന്ദർശനമാണിത്. 370ാം വകുപ്പ് റദ്ദാക്കിയത് കശ്മീരിന്‍റെ വികസനത്തിന് വേണ്ടിയാണെന്നും 2024 ആവുമ്പോഴേക്കും കശ്മീർ ജനത ഇതിന്‍റെ ഗുണഫലങ്ങൾ അനുഭവിച്ചു തുടങ്ങുമെന്നും അമിത്ഷാ കൂട്ടിച്ചേർത്തു.