India
amith sha and dinamalar
India

'മറുപടിയില്ലേ സർ?' തമിഴ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ അമിത് ഷാ

Web Desk
|
25 May 2023 7:04 AM GMT

കർണാടക തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട തമിഴ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ പാർലമെന്റ് മന്ദിരോദ്ഘാടനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഷാ ചോദ്യത്തിൽനിന്ന് അസന്തുഷ്ടിയോടെ ഒഴിഞ്ഞു മാറിയത്.

ദിനമലർ പത്രത്തിലെ വെങ്കിട്ടരാമനാണ് തോൽവിയുമായി ബന്ധപ്പെട്ട് ഷായോട് ചോദ്യം ചോദിച്ചത്. 'അമിത് ജി, വണക്കം. ചെങ്കോലിനെ കുറിച്ച് നിങ്ങൾ വിശദമായി സംസാരിച്ചു. ഇത് ചോള രാജവംശവുമായി മാത്രം ബന്ധപ്പെട്ടതല്ല. തമിഴ്‌നാട് ഭരിച്ച ചേരചോള, പാണ്ഡ്യ രാജവംശങ്ങളും അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി ചെങ്കോൽ ഉപയോഗിച്ചിട്ടുണ്ട്. ഒരു രാജാവ് എങ്ങനെയാണ് രാജ്യം ഭരിക്കേണ്ടത് എന്നതിന്റെ സൂചകമാണത്. ഇപ്പോൾ ദക്ഷിണേന്ത്യയിലെ ജനങ്ങൾ ബിജെപിക്കു മുമ്പിൽ വാതിലടച്ചിരിക്കുകയാണ്.' - എന്നിങ്ങനെ ചോദിച്ചു തുടങ്ങവെ, 'എനിക്കു നിങ്ങളുടെ ചോദ്യം മനസ്സിലായി, പൂർണമായി' എന്ന് ഷാ മറുപടി നൽകുകയായിരുന്നു. അടുത്ത ചോദ്യകർത്താവിനെ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഈ വേളയിൽ, 'നിങ്ങൾക്ക് മറുപടിയൊന്നുമില്ല സർ' എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചു.'ഇന്ന് രാഷ്ട്രീയത്തെ കുറിച്ച് ചർച്ചയില്ല എന്ന് പറഞ്ഞില്ലേ' എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.



പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘസാക്ഷിത്വത്തിന്റെ സാക്ഷ്യമാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് അമിത് ഷാ പറഞ്ഞു. ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ തഴഞ്ഞ് പ്രധാനമന്ത്രി മോദി മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 20 പ്രതിപക്ഷ കക്ഷികൾ ചടങ്ങിൽ നിന്ന് വിട്ടുനിൽകുന്നത്. 28നാണ് ഉദ്ഘാടനം. ബിജെപിയോട് ചേർന്നുനിൽക്കുന്ന ബിജു ജനദാതളും വൈഎസ്ആർസിപിയും ചടങ്ങിൽ പങ്കെടുക്കും.




Similar Posts