India
മുസ്‌ലിം വീടുകൾ തകർക്കുന്ന നടപടി നിർത്തിവയ്ക്കണം- മധ്യപ്രദേശ് ഭരണകൂടത്തെ വിമർശിച്ച് ആംനെസ്റ്റി
India

മുസ്‌ലിം വീടുകൾ തകർക്കുന്ന നടപടി നിർത്തിവയ്ക്കണം- മധ്യപ്രദേശ് ഭരണകൂടത്തെ വിമർശിച്ച് ആംനെസ്റ്റി

Web Desk
|
14 April 2022 10:43 AM GMT

മധ്യപ്രദേശിൽ നടന്ന വിധ്വംസക പ്രവർത്തനങ്ങളെക്കുറിച്ച് ഭരണകൂടം വിശദവും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം അടിയന്തരമായി നടത്തണമെന്ന് ആംനെസ്റ്റി ഇന്ത്യയുടെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു

ഭോപ്പാൽ: മധ്യപ്രദേശിൽ രാമനവമി ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങൾക്കു പിന്നാലെ മുസ്‌ലിം വീടുകളും വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി തകർത്തുകളഞ്ഞ ഭരണകൂട നടപടിയിൽ വിമർശവുമായി ആംനെസ്റ്റി. വലിയ തോതിൽ മുസ്‌ലിം സ്വത്തുവകകൾ നിയമവിരുദ്ധമായി പൊളിച്ചുനീക്കുന്ന നീക്കത്തിൽനിന്ന് ഭരണകൂടം പിന്മാറണമെന്ന് ആംനെസ്റ്റി ഇന്ത്യ വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഖാർഗോണിലാണ് അധികൃതർ വ്യാപകമായി വീടുകളടക്കം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.

മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളും വിദ്വേഷ പ്രസംഗവുമടക്കം തീർത്തും അസ്വസ്ഥജനകമായ സംഭവങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു ദിവസമായി രാജ്യം സാക്ഷ്യംവഹിച്ചത്. ഇതിനെല്ലാത്തിനും പുറമെ, കലാപം സൃഷ്ടിച്ചവരെന്ന് സംശയിക്കപ്പെടുന്നവരുടെ സ്വകാര്യ സ്വത്തുക്കൾ നോട്ടീസ് നൽകാതെയും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയും ഭരണകൂടം തന്നെ നിയമവിരുദ്ധമായി പൊളിച്ചുനീക്കുന്നത് നിയമവാഴ്ചയ്ക്കുള്ള അടിയാണ്. ഇത്തരത്തിൽ തകർക്കപ്പെട്ടതിൽ ഭൂരിഭാഗം വീടുകളും മുസ്‌ലിംകളുടേതാണ്. കുറ്റാരോപിതരുടെ വീടുകൾ ശിക്ഷാനടപടിയെന്നോണം തകർക്കുന്നത് രാജ്യാന്തര മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമാണ്-ആംനെസ്റ്റി ഇന്റർനാഷനലിന്റെ ഇന്ത്യൻ തലവനായ ആകാർ പട്ടേൽ ചൂണ്ടിക്കാട്ടി.

ഇത്തരം വിധ്വംസക പ്രവർത്തനങ്ങളെക്കുറിച്ച് ഭരണകൂടം വിശദവും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം അടിയന്തരമായി നടത്തണമെന്നും ആംനെസ്റ്റി ട്വിറ്ററിൽ പങ്കുവച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആ ക്രൂരമായ ആക്രമണങ്ങൾക്കും വിധ്വംസക പ്രവർത്തനങ്ങൾക്കും ഉത്തരവാദികളായവരെ നീതിയുക്തമായ വിചാരണയിലൂടെ നിയമത്തിനു മുന്നിൽകൊണ്ടുവരണം. ഇരകൾക്ക് ഫലപ്രദമായ പരിഹാരം നൽകണം. ന്യൂനപക്ഷ സമുദായങ്ങളടക്കം തങ്ങളുടെ നിയമപരിധിയിൽ വരുന്ന മുഴുവൻ ജനങ്ങളെയും സംരക്ഷിക്കാനുള്ള ചുമതല ഭരണകൂടത്തിനുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

'പൊലീസ് സുരക്ഷയിൽ 45 പേരുടെ സ്വത്തുവകകൾ ബുൾഡോസർ കൊണ്ട് നിരപ്പാക്കി'

ഞായറാഴ്ചയായിരുന്നു മധ്യപ്രദേശിലെ ഖാർഗോണിലെ വിവിധ പ്രദേശങ്ങളിൽ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘർഷങ്ങളുണ്ടായത്. ഇതേതുടർന്ന് നഗരത്തിന്റെ ചില ഭാഗങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. സംഘർഷത്തിൽ അക്രമികൾ പ്രദേശത്തെ 10 വീടുകൾ അഗ്നിക്കിരയാക്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തലാബ് ചൗക്കിലെ സംഘർഷം ഖാസിപുരയിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും സംഘർഷത്തിലേക്ക് നയിച്ചതായും നിരവധി വാഹനങ്ങൾ കത്തിച്ചതായും കലക്ടർ പറഞ്ഞു. ഖാർഗോൺ നഗരത്തിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള ബർവാനി ജില്ലയിലും ഏറ്റുമുട്ടലും കല്ലേറും നടന്നതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങളെ തുടർന്ന് കല്ലേറിൽ കുറ്റാരോപിതരായ 45 പേരുടെ സ്വത്തുക്കൾ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയായിരുന്നു. പൊലീസ് സുരക്ഷയിൽ ഖർഗോൺ ജില്ലാ ഭരണകൂടമാണ് വീടുകളും കടകളും തകർത്തത്. അനിഷ്ടസംഭവം നടന്ന് 48 മണിക്കൂറിനകമായിരുന്നു ഭരണകൂട നടപടി.

മധ്യപ്രദേശിന് പുറമെ ഗുജറാത്ത്, ജാർഖണ്ഡ്, പശ്ചിമബംഗാൾ, ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും രാമനവമി ഘോഷയാത്രയ്ക്കിടെ സംഘർഷങ്ങളുണ്ടായിട്ടുണ്ട്. ഗുജറാത്തിൽ രാമനവമി ഘോഷയാത്രക്കിടെയുണ്ടായ സംഘർഷങ്ങൾക്കിടെ രണ്ടുപേർ കൊല്ലപ്പെട്ടതായി ദ എക്‌ണോമിക് ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Summary: Amnesty India urges authorities to stop demolition drive in Madhya Pradesh's Khargone

Similar Posts