India
Amritpal Singh and Engineer Rashid
India

പരോളിൽ പുറത്തിറങ്ങി; അമൃത്പാൽ സിങും എഞ്ചിനീയർ റാഷിദും എം.പിയായി സത്യപ്രതിജ്ഞ ചെയ്തു

Web Desk
|
5 July 2024 1:24 PM GMT

മാധ്യമങ്ങളോട് സംസാരിക്കാനോ പ്രസ്താവനകൾ നടത്താനോ പാടില്ലെന്ന നിബന്ധനകളോടെയാണ് ഇവർക്ക് പരോൾ അനുവദിച്ചത്

ന്യൂഡൽഹി: 18ാം ലോക്സഭാം​ഗങ്ങളായി ഖലിസ്ഥാൻവാദിയായ അമൃത്പാൽ സിങും കാശ്മീരി നേതാവ് ഷെയ്ഖ് അബ്ദുൾ റാഷീദും സത്യപ്രതിജ്ഞ ചെയ്തു. ജയിലിൽ കഴിയുകയായിരുന്ന ഇരുവർക്കും സത്യപ്രതിജ്ഞക്കായി പരോൾ അനുവദിക്കുകയായിരുന്നു. ഖലിസ്ഥാൻ വാദമുയർത്തിയ അമൃത്പാലിനെ ഐ.എസ്.ഐ ബന്ധം ആരോപിച്ച് അസമിലെ ദിബ്രുഗഡ് ജയിലിലടച്ചിരിക്കുകയായിരുന്നു. യു.എ.പി.എ കേസിൽ എഞ്ചിനീയർ റാഷിദ് എന്നറിയപ്പെടുന്ന ഷെയ്ഖ് അബ്ദുൾ റാഷീദ് ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുകയായിരുന്നു. കനത്ത സുരക്ഷയോടെയായിരുന്നു ഇരുവരുടെയും സത്യപ്രതിജ്ഞ.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഖഡൂർ സാഹിബ് മണ്ഡലത്തിൽ മത്സരിച്ച അമൃത്പാലിന് രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. അമൃത്പാലിനെതിരെ 12 ക്രിമിനൽ കേസുകളുണ്ട്. ലഹരി മാഫിയക്കെതിരെ നടപടിയെടുത്തതിനാണ് അറസ്റ്റെന്നാണ് അനുയായികൾ ആരോപിക്കുന്നത്.

എഞ്ചിനീയർ റാഷിദ് ജമ്മു കശ്മീരിലെ ബാരാമുള്ള മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെ 2 ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2017ലെ തീവ്രവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുകയാണ് റാഷിദ്. യു.എ.പി.എ പ്രകാരം കേന്ദ്ര ഏജൻസി കുറ്റം ചുമത്തിയതിനെ തുടർന്ന് 2019 മുതൽ അദ്ദേഹം ജയിലിലാണ്.

സത്യപ്രതിജ്ഞ ചെയ്യുന്നതിന്, റാഷിദിന് തിഹാറിൽ നിന്ന് പാർലമെൻ്റിലേക്കുള്ള യാത്രാ സമയം ഒഴികെ രണ്ട് മണിക്കൂർ കസ്റ്റഡി പരോളും, സിങിന് അസമിൽ നിന്ന് ഡൽഹിയിലേക്കും തിരിച്ചുമുള്ള യാത്ര കണക്കിലെടുത്ത് നാല് ദിവസത്തെ കസ്റ്റഡി പരോളുമാണ് അനുവദിച്ചത്. ഒരു വിഷയത്തിലും മാധ്യമങ്ങളോട് സംസാരിക്കാനോ പ്രസ്താവനകൾ നടത്താനോ പാടില്ലെന്ന നിബന്ധനകളോടെയാണ് ഇവർക്ക് പരോൾ അനുവദിച്ചത്.

Similar Posts