ഭാര്യ അറസ്റ്റിലാകുമെന്ന് ഭയം, രാജ്യം വിടാനാവാതെ അമൃത്പാല്‍, ഒടുവില്‍ കീഴടങ്ങല്‍
|ബ്രിട്ടീഷ് പൗരത്വമുള്ള കിരണ്‍ദീപ് കൗര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു
ഛത്തിസ്ഗഢ്: വാരിസ് പഞ്ചാബ് ദേ നേതാവും ഖലിസ്ഥാന്‍ അനുകൂലിയുമായ അമൃത്പാല്‍ സിങ് രാജ്യം വിടാന്‍ ശ്രമിക്കാതിരുന്നത് ഭാര്യ അറസ്റ്റിലാകുമെന്ന് ഭയന്ന്. ബ്രിട്ടീഷ് പൗരത്വമുള്ള കിരണ്‍ദീപ് കൗര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. നേരത്തെ ലണ്ടനിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ അമൃത്‌സര്‍ വിമാനത്താവളത്തില്‍ കിരണ്‍ദീപ് കൗറിനെ പൊലീസ് തടഞ്ഞിരുന്നു. താന്‍ ആദ്യം രാജ്യം വിട്ടാല്‍ തന്നെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കുറ്റം ചുമത്തി ഭാര്യയെ അറസ്റ്റ് ചെയ്യുമെന്ന് അമൃത്പാല്‍ സിങ് ഭയന്നിരുന്നുവെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്തു.
യു.കെയില്‍ സ്ഥിരതാമസക്കാരിയായ കിരണ്‍ദീപ് കൗറും അമൃത്പാല്‍ സിങ്ങും ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. അമൃത്പാലുമായുള്ള വിവാഹത്തിന് ഒരാഴ്ച മുൻപാണ് കിരണ്‍ദീപ് കൗര്‍ പഞ്ചാബിലെത്തിയത്. യു.കെ പൗരത്വമുള്ള കിരണ്‍ദീപിന്‍റെ വിസാ കാലാവധി ജൂലൈയില്‍ അവസാനിക്കും. അതിനു മുന്‍പ് മടങ്ങാനായിരുന്നു നീക്കം. അമൃത്പാല്‍ കിരണ്‍ദീപ് വഴി യു.കെയില്‍ നിക്ഷേപം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ മാസം കിരണ്‍ദീപ് കൗറിനെ പോലീസ് ചോദ്യംചെയ്തിരുന്നു. അമൃത്പാലിന്റെ വിദേശ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. കിരൺദീപിനെതിരെ രാജ്യത്തെവിടെയും കേസുകളില്ല. എന്നാല്‍ കിരൺദീപിനെ നിരീക്ഷണത്തിലാക്കിയും പിന്തുടര്‍ന്നും അമൃത്പാലിനെ സമ്മര്‍ദത്തിലാക്കാന്‍ പൊലീസിന് കഴിഞ്ഞു.
മാര്‍ച്ച് 18നാണ് അമൃത്പാല്‍ സിങ് ഒളിവിൽ പോയത്. പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. 37 ദിവസങ്ങൾക്ക് ശേഷമാണ് പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയക്ക് സമീപത്തു നിന്ന് അമൃത്പാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അനുയായികളെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം നിരവധി കേസുകൾ അമൃത്പാൽ സിങ്ങിന്റെ പേരിലുണ്ട്. അതേസമയം കീഴടങ്ങാമെന്ന് പൊലീസിനെ അമൃത്പാൽ തന്നെ അറിയിക്കുകയായിരുന്നുവെന്ന് ഗുരുദ്വാര അധികൃതർ പറയുന്നു.
അമൃത്പാലിന് കീഴടങ്ങുക അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ അമൃത്പാലിനെ അസമിലെ ദിബ്രുഗഢ ജയിലിൽ എത്തിച്ചു. ജയിലിൽ കർശന സുരക്ഷ ഏർപ്പെടുത്തി.
മകന്‍ ഒരു യോദ്ധാവിനെപ്പോലെ കീഴടങ്ങി എന്നാണ് അമൃത്പാലിന്‍റെ മാതാവ് ബല്‍വിന്ദര്‍ കൗറിന്‍റെ പ്രതികരണം. മകനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു- "ഞങ്ങൾ വാർത്ത കണ്ടു. അവൻ കീഴടങ്ങിയതായി അറിഞ്ഞു. അവൻ ഒരു യോദ്ധാവിനെപ്പോലെ കീഴടങ്ങിയതിൽ എനിക്ക് അഭിമാനം തോന്നി. ഞങ്ങൾ നിയമ പോരാട്ടം നടത്തും. എത്രയും വേഗം അവനെ കാണും".
മകന്‍റെ ദൗത്യം തുടരാൻ അനുയായികളോട് അമൃത്പാലിന്‍റെ പിതാവ് അഭ്യര്‍ഥിച്ചു- "മയക്കുമരുന്ന് മാഫിയക്കെതിരെ എന്‍റെ മകൻ പോരാടുകയാണ്. ടിവി വാർത്തകളിലൂടെയാണ് ഞങ്ങൾക്ക് വിവരം ലഭിച്ചത്. അവൻ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. മാധ്യമങ്ങളില്‍ വന്ന ചിത്രം വ്യക്തമല്ല. പഞ്ചാബ് പൊലീസിന്‍റെ ഉപദ്രവത്തിനിരയായ എല്ലാവർക്കുമൊപ്പം ഞാനുമുണ്ട്"- അമൃത്പാലിന്‍റെ പിതാവ് ടാർസെം സിങ് പറഞ്ഞു.