അമൃതപാൽ സിങ് നേപ്പാളിൽ ? രക്ഷപ്പെടാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യണം; സഹായം തേടി ഇന്ത്യ
|ഇയാളുടെ വ്യക്തിഗത വിവരങ്ങള്‍ എല്ലാ ഏജൻസികൾക്കും ഹോട്ടലുകൾക്കും വിമാനക്കമ്പനികൾക്കും കൈമാറിയിട്ടുണ്ട്
ന്യൂഡൽഹി; വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങ് നേപ്പാളിൽ ഒളിവിലെന്ന് റിപ്പോർട്ട്. ഇയാളെ അവിടെ നിന്ന് മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നേപ്പാള്‍ സര്‍ക്കാറിന് അഭ്യര്‍ഥിച്ചു. ഇന്ത്യൻ പാസ്പോർട്ടോ മറ്റേതെങ്കിലും വ്യാജ പാസ്പോർട്ടോ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യ അഭ്യർഥിച്ചതായും കാഠ്മണ്ഡു പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു.
അമൃതപാൽ സിങ് ഇപ്പോൾ നേപ്പാളിലാണ് ഒളിവിൽ കഴിയുന്നതെന്നും കത്തിന്റെ പകർപ്പ് ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. അമൃതപാല്‍ സിങ്ങിന്റെ വ്യക്തിഗത വിവരങ്ങള്‍ ബന്ധപ്പെട്ട എല്ലാ ഏജൻസികൾക്കും ഹോട്ടലുകൾ മുതൽ വിമാനക്കമ്പനികൾക്ക് വരെ കൈമാറിയിട്ടുണ്ട്. സിങ്ങിന്റെ കൈയിൽ ഒന്നിലധികം പാസ്പോർട്ടുകൾ കൈവശമുണ്ടെന്നാണ് കരുതപ്പെടുന്നത്. മാർച്ച് 18 ന് മുതലാണ് ഇയാൾ ഒളിവിൽ പോയത്.
ഒളിവിലുള്ള അമൃത്പാൽ സിങ്ങിനെ പിടികൂടാനുള്ള പഞ്ചാബ് പൊലീസിന്റെ ശ്രമം തുടരുകയാണ്. കഴിഞ്ഞദിവസം ഹരിയാനയിൽ അഭയം നൽകിയ സ്ത്രീയുടെ വീട്ടിൽ നിന്നും പുറത്തിറങ്ങി വഴിയിലൂടെ കുടയും ചൂടി നടന്നുപോവുന്ന അമൃത്പാലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിവിധയിടങ്ങളിൽ നിന്ന് അമൃത്പാൽ സിംഗിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നാണ് ആക്ഷേപം.