കീഴടങ്ങി അമൃത്പാൽ സിങ്; രാജസ്ഥാന്‍ റോയല്‍സിന് ഏഴ് റൺസ് തോല്‍വി ; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്....
|സഞ്ജു സാംസൺ പ്രതീക്ഷകൾ സജീവമാക്കിയെങ്കിലും 22 റൺസ് കൂട്ടിച്ചേർക്കുമ്പോഴേക്കും പുറത്താകാനായിരുന്നു ക്യാപ്റ്റന്റെ വിധി
കീഴടങ്ങി അമൃത്പാൽ സിങ്
വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിങ് പൊലീസിന് മുന്നിൽ കീഴടങ്ങി.37 ദിവസങ്ങൾക്ക് ശേഷമാണ് പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയക്ക് സമീപത്തു നിന്ന് അമൃത്പാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അനുയായികളെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം നിരവധി കേസുകൾ അമൃത്പാൽ സിങ്ങിന്റെ പേരിലുണ്ട്. അതേസമയം കീഴടങ്ങാമെന്ന് പൊലീസിനെ അമൃത്പാൽ തന്നെ അറിയിക്കുകയായിരുന്നുവെന്ന് ഗുരുദ്വാര അധികൃതർ പറയുന്നു. അമൃത്പാലിന് കീഴടങ്ങുക അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ അമൃത്പാലിനെ അസമിലെ ദിബ്രുഗഢ ജയിലിൽ എത്തിച്ചു. ജയിലിൽ കർശന സുരക്ഷ ഏർപ്പെടുത്തി. മാര്‍ച്ച് 18നാണ് ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങ് ഒളിവിൽ പോയത്. പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
കോണ്‍ഗ്രസില്‍ വനിതാ പ്രവര്‍ത്തകരുടെ സുരക്ഷ
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബി.വി. ശ്രീനിവാസിനെതിരെയുള്ള വനിതാ നേതാവിന്റെ പരാതിക്ക് പിന്നാലെ കോണ്‍ഗ്രസും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു.
കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സുരക്ഷിതമായ സാഹചര്യത്തിമില്ലാത്തതിന് തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ നടത്തുന്ന പേക്കൂത്തുകളാണിതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞിരുന്നു. ഇതിനോട് ട്വിറ്ററിലൂടെയായിരുന്നു ഹിമന്തയുടെ പ്രതികരണം.
'നിയമപ്രകാരമാണ് അസം പൊലീസ് പ്രവര്‍ത്തിക്കുന്നത്. ഒരു വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ കുറ്റാരോപിതനെതിരെ ഐ.പി.സി സെക്ഷന്‍ 354 പ്രകാരം അന്വേഷണം നടത്തി വരികയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വനിതകള്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷമില്ലാത്തതിന് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുറ്റാരോപിതനോട് നിയമനടപടികളുമായി സഹകരിക്കാന്‍ പറയൂ,' ഹിമന്ത ട്വീറ്റില്‍ പറയുന്നു.
ഞായറാഴ്ച രാവിലെയോടെ അസം പൊലീസ് കര്‍ണാടകയിലെത്തി ബി.വി. ശ്രീനിവാസിന് ദിസ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനുള്ള നോട്ടീസ് നല്‍കിയിരുന്നു. മെയ് രണ്ടിന് രാവിലെ 11 മണിക്ക് എത്തണമെന്നാണ് നോട്ടീസിലുള്ളത്. ഈ നടപടിക്ക് പിന്നാലെയാണ് ഹിമന്ത ശര്‍മക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രണ്‍ദീപ് സുര്‍ജേവാല എത്തിയത്.
ഡി.കെ ശിവകുമാറിന്റെ ഹെലികോപ്റ്ററിൽ വീണ്ടും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന
കർണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിൽ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന. ഇന്നലെയും ഹെലികോപ്റ്ററിൽ പരിശോധന നടത്തിയിരുന്നു. ഇന്ന് ബൈന്ദൂരിലെ ഹെലിപ്പാഡിൽ വെച്ചാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
മൂകാംബിക ദർശനത്തിന് ശേഷം ബൈന്ദൂരിലെത്തിയപ്പോഴായിരുന്നു പരിശോധന. തെരഞ്ഞെടുപ്പ് റാലിക്കായാണ് ശിവകുമാർ ബൈന്ദൂരിലെത്തിയത്. വന്നിറങ്ങിയപ്പോൾ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡ് എത്തി വിമാനത്തിനുള്ളിൽ നിന്ന് ബാഗുകളും പേപ്പറുകളുമെല്ലാം പുറത്തെടുത്ത് പരിശോധിച്ചു. പരിശോധന അരമണിക്കൂറിലധികം നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇന്നലത്തെ പോലെ തന്നെ സംശയാസ്പദമായി ഒന്നും ഇന്നും കണ്ടെത്താനായിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്.
ഇന്നലെ ശിവകുമാറിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിലാണ് ധരംശാലയിൽ വെച്ച് പരിശോധന നടത്തിയത്. ശിവകുമാർ എവിടെ ചെന്നാലും അവിടെ വെച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധന നടത്തി ബുദ്ധിമുട്ടിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. ബിജെപി നേതാക്കളെ ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയരാക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു. ദിവസവും തന്റെ ഹെലികോപ്റ്റർ പരിശോധിക്കുകയാണെന്ന് ട്വിറ്ററിൽ ശിവകുമാർ കുറിപ്പും പങ്കു വച്ചിരുന്നു.
രാജസ്ഥാന്‍ റോയല്‍സിന് ഏഴ് റൺസ് തോല്‍വി
അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവിൽ രാജസ്ഥാൻ റോയൽസിനെതിരെ ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ഏഴ് റൺസ് വിജയം. ഫാഫ് ഡു പ്ലെസിസിന്റെയും ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും തകർപ്പൻ അടിയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഹർഷൽ പട്ടേലിന്റെ പ്രകടനവുമാണ് ബാഗ്ലൂരിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബാഗ്ലൂർ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് അടിച്ചെടുത്തത്. ഫാഫ് ഡു പ്ലെസിസിന്റെയും ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും തകർപ്പൻ അടിയാണ് ബാഗ്ലൂരിനെ മികച്ച സ്കോർ സമ്മാനിച്ചത്. ഡുപ്ലെസിയും മാക്‌സ്വെല്ലും അർധ സെഞ്ചറി നേടി.
മറുപടി ബാറ്റിങിനിറങ്ങിയ രാജസ്ഥാനിന് ആദ്യ ഓവറിന്റെ നാലാം പന്തില്‍ തന്നെ ബട്‌ലറുടെ വിക്കറ്റ് നഷ്ടമായി. സിറാജാണ് ബട്ലറെ മടക്കിയത്. ഒരു റണ്‍ മാത്രമായിരുന്നു അപ്പോൾ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ജെയ്സ്വാളും പടിക്കലും രാജസ്ഥാനിന് പ്രതീക്ഷകൾ പകർന്നു. ഇരുവരും ചേർന്ന് 98 റൺസിന്റെ കൂട്ടുകെട്ടാണ് രാജസ്ഥാന് വേണ്ട് പടുത്തുയർത്തിയത്.
പടിക്കൽ 34 പന്തുകളിൽ നിന്ന് 52 റൺസും ജയ്സ്വാൾ 37 പന്തുകളിൽ നിന്ന് 47 റൺസും നേടി പുറത്തായി. പിന്നീട് എത്തിയ സഞ്ജു സാംസൺ പ്രതീക്ഷകൾ സജീവമാക്കിയെങ്കിലും 22 റൺസ് കൂട്ടിച്ചേർക്കുമ്പോഴേക്കും പുറത്താകാനായിരുന്നു ക്യാപ്റ്റന്റെ വിധി.
ബ്രിജ് ഭൂഷണെതിരെ നടപടിയില്ല: ഗുസ്തി താരങ്ങൾ വീണ്ടും പ്രതിഷേധത്തിൽ
പീഡനപരാതി ആരോപണം ഉയർന്ന ബ്രിജ് ഭൂഷൺ സിംഗിനെതിരെ നടപടി ഉണ്ടാക്കാത്തതിനെതിരെ വനിത ഗുസ്തി താരങ്ങൾ വീണ്ടും പ്രതിഷേധത്തിൽ. നാല് മണിക്ക് താരങ്ങൾ മാധ്യമങ്ങളെ കാണും. ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
കഴിഞ്ഞ ജനുവരി അവസാനത്തിൽ ജന്തർ മന്ദിറിൽ താരങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പരാതി നൽകിയിട്ടും ഭൂഷണെതിരെ നടപടിയെടുക്കുന്നില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം. റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങൾ ജന്തർമന്ദറിൽ പ്രതിഷേധിച്ചത്.
ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമായിരുന്നു ആരോപണം. ഫെഡറേഷന്റെ ഭാഗത്ത് നിന്നും അപായപ്പെടുത്തുമെന്ന് വരെ ഭീഷണി ഉണ്ടായെന്നും ഫോഗട്ട് പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴും പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
ഏഴ് വനിതാ താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പൊലീസിൽ പരാതി നൽകിയത്. പരാതികൾ അന്വേഷിച്ചു വരികയാണെന്നാണ് പൊലീസിന്റെ വാദം. താരങ്ങൾ പരാതി നൽകിയിട്ടും കേസ് എടുക്കാത്തതിൽ പൊലീസിന് ഡൽഹി വനിതാ കമ്മിഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് ബ്രിജ് ഭൂഷൺ സിംഗിന് എതിരെ നടപടി എടുക്കും വരെ ഡൽഹിയിൽ സമരം തുടരാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. കേന്ദ്ര കായിക മന്ത്രിയെ കാണാൻ പോലും അനുമതി ലഭിച്ചില്ലെന്ന് പറഞ്ഞ വിനേഷ് ഫോഗട്ട് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ കർണാടകയിൽ
രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികൾക്ക് രാഹുൽ ഗാന്ധി ഇന്ന് കർണാടകയിലെത്തി. ഹുബ്ബള്ളിയിൽ രാവിലെ പത്തരയോടെ എത്തുന്ന രാഹുൽ ഗാന്ധി, ജഗദീഷ് ഷെട്ടറിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലും പങ്കെടുത്തു.നിരവധി ആളുകളാണ് രാഹുലിനൊപ്പം പ്രചരണ റാലിയിൽ പങ്കെടുത്തത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് 11 നിയമ സഭാ മണ്ഡലങ്ങളിൽ പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. അതിനിടെ കടുത്ത പനിയെ തുടർന്ന് ജെ.ഡി.എസ് നേതാവ് മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതിനാൽ ഇന്നത്തെ പ്രചാരണ പരിപാടികളിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. നാളെയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി.
പുസ്തക ദിനം
എല്ല വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്.
സ്പെയിനിലെ എഴുത്തുകാരനായിരുന്ന മിഗ്വെൽ ദെ സെർവന്റസിന്റെ ചരമദിനമായതിനായ 1923 ഏപ്രിൽ 23-നു് സ്പെയിലെ അദ്ദേഹത്തിന്റെ ആരാധകർ ഈ ദിനം പുസ്തകദിനമായി ആചരിക്കാൻ തുടങ്ങി. അങ്ങനെയാണ് ഈ ദിനം പുസ്തകദിനമായി ആചരിച്ചു തുടങ്ങിയത്.
1995 മുതൽ യുനസ്കോയും വില്യം ഷേക്സിപിയർ, മിഗ്വേൽ ഡേ സർവെൻടീസ്, ഗാർസിലാസോ ഡേ ലാ വെഗാ തുടങ്ങിയ ലോകപ്രശസ്ത എഴുത്തുകാരുടെ ചരമ വാർഷിക ദിനമായ ഏപ്രിൽ 23-നു് ലോക പുസ്തക പകർപ്പവകാശ ദിനമായി ആചരിക്കുവാൻ ആരംഭിച്ചു.
അവന്‍ യോദ്ധാവിനെപ്പോലെ കീഴടങ്ങിയതില്‍ അഭിമാനം: അമൃത്പാലിന്‍റെ മാതാവ്
വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിങ് പൊലീസിന് മുന്നിൽ കീഴടങ്ങി. മകന്‍ ഒരു യോദ്ധാവിനെപ്പോലെ കീഴടങ്ങി എന്നാണ് അമൃത്പാലിന്‍റെ മാതാവ് ബല്‍വിന്ദര്‍ കൗറിന്‍റെ പ്രതികരണം. മകനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
"ഞങ്ങൾ വാർത്ത കണ്ടു. അവൻ കീഴടങ്ങിയതായി അറിഞ്ഞു. അവൻ ഒരു യോദ്ധാവിനെപ്പോലെ കീഴടങ്ങിയതിൽ എനിക്ക് അഭിമാനം തോന്നി. ഞങ്ങൾ നിയമ പോരാട്ടം നടത്തും. എത്രയും വേഗം അവനെ കാണും"- ബല്‍വിന്ദര്‍ കൗര്‍ പറഞ്ഞു.
മകന്‍റെ ദൗത്യം തുടരാൻ അനുയായികളോട് അമൃത്പാലിന്‍റെ പിതാവ് അഭ്യര്‍ഥിച്ചു- "മയക്കുമരുന്ന് മാഫിയക്കെതിരെ എന്‍റെ മകൻ പോരാടുകയാണ്. ടിവി വാർത്തകളിലൂടെയാണ് ഞങ്ങൾക്ക് വിവരം ലഭിച്ചത്. അവൻ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. മാധ്യമങ്ങളില്‍ വന്ന ചിത്രം വ്യക്തമല്ല. പഞ്ചാബ് പൊലീസിന്‍റെ ഉപദ്രവത്തിനിരയായ എല്ലാവർക്കുമൊപ്പം ഞാനുമുണ്ട്"- അമൃത്പാലിന്‍റെ പിതാവ് ടാർസെം സിങ് പറഞ്ഞു.