India
മകളുടെ മുടികൊഴിച്ചിലിനു പ്രതിവിധിയായി കണ്ടെത്തിയ ഹെയര്‍ ഓയിലിനു ഇന്ന് ബോളിവുഡില്‍ നിന്നും വരെ ആരാധകര്‍; ഇത് 85കാരന്‍റെ വിജയഗാഥ
India

മകളുടെ മുടികൊഴിച്ചിലിനു പ്രതിവിധിയായി കണ്ടെത്തിയ ഹെയര്‍ ഓയിലിനു ഇന്ന് ബോളിവുഡില്‍ നിന്നും വരെ ആരാധകര്‍; ഇത് 85കാരന്‍റെ വിജയഗാഥ

Web Desk
|
20 July 2022 8:10 AM GMT

പതിറ്റാണ്ടുകൾക്ക് മുമ്പ് ഭാര്യ ശകുന്തള ദേവിക്ക് പ്രമേഹം പിടിപെട്ട് കാൽ വേദന അനുഭവപ്പെട്ടപ്പോൾ നാനാജി ഒരു മസാജ് ഓയിൽ തയ്യാറാക്കി

ഡല്‍ഹി: പരിശ്രമിക്കാനും അധ്വാനിക്കാനുമുള്ള മനസുമുണ്ടെങ്കില്‍ പ്രായം ഒരിക്കലും ഒരു തടസമല്ല, അത് വെറുമൊരു നമ്പര്‍ മാത്രമാണെന്ന് തെളിയിക്കുകയാണ് 85കാരനായ രാധാകൃഷ്ണ ചൗധരി. നിശ്ചയദാര്‍ഢ്യത്തിലൂടെയാണ് ജീവിതസായാഹ്നത്തില്‍ നാനാജീ എന്നറിയപ്പെടുന്ന രാധാകൃഷ്ണന്‍ വിജയം കൊയ്ത ഒരു സംരംഭകനായി മാറിയത്.

വന്‍കിട ബ്രാന്‍ഡുകള്‍ കൊടികുത്തി വാഴുന്ന ബ്യൂട്ടി മേഖലയില്‍ അവിമീ ഹെര്‍ബല്‍സ് എന്ന ബ്രാന്‍ഡ് സ്വപ്രയത്നത്തിലൂടെ വളര്‍ത്തിയെടുത്തിരിക്കുകയാണ് നാനാജീ. മകളുടെ മുടികൊഴിച്ചിലിനു പ്രതിവിധിയായ കണ്ടെത്തിയ ഹെയര്‍ ഓയിലിനു ഇന്ന് ബോളിവുഡില്‍ നിന്നും വരെ ആരാധകരുണ്ട്. മലയാള സിനിമാതാരങ്ങളും ഈയിടെ അദ്ദേഹത്തിന്‍റെ വിജയഗാഥ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.

ചെറുപ്പം മുതലേ ആയുര്‍വേദത്തോട് താല്‍പര്യമുണ്ടായിരുന്ന ആളായിരുന്നു ഗുജറാത്തുകാരനായ നാനാജീ. പല രോഗങ്ങള്‍ക്കും ലളിതമായ ആയുര്‍വേദ ചികിത്സ അദ്ദേഹം കണ്ടെത്തി പരീക്ഷിക്കുമായിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് ഭാര്യ ശകുന്തള ദേവിക്ക് പ്രമേഹം പിടിപെട്ട് കാൽ വേദന അനുഭവപ്പെട്ടപ്പോൾ നാനാജി ഒരു മസാജ് ഓയിൽ തയ്യാറാക്കി. ഇതു ഫലപ്രദമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം, മുടി കൊഴിയാൻ തുടങ്ങിയപ്പോൾ, അദ്ദേഹം വീണ്ടും ആയുർവേദത്തിലേക്ക് തിരിഞ്ഞെങ്കിലും ടെക്‌സ്‌റ്റൈൽ രംഗത്തെ ജോലി കാരണം അദ്ദേഹത്തിന് ഗവേഷണവുമായി മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. അതിനിടെയാണ് കോവിഡ് ബാധിച്ച മകള്‍ വിനീതക്ക് മുടികൊഴിച്ചില്‍ അനുഭവപ്പെട്ടത്. ഇത് നാനാജിയെ തന്‍റെ ആയുർവേദ ഗ്രന്ഥങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ പ്രേരിപ്പിച്ചു. ''എന്‍റെ കഷണ്ടി മൂലം ഞാന്‍ വളരെയധികം സങ്കടപ്പെട്ടിരുന്നു. അത്തരമൊരു അവസ്ഥ മകള്‍ക്കുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഹെയര്‍ ഓയില്‍ ഉണ്ടാക്കിയത്'' നാനാജി പറയുന്നു. ആ എണ്ണ അത്ഭുതങ്ങളാണ് സൃഷ്ടിച്ചത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹെയര്‍ ഓയില്‍ സമ്മാനമായി നല്‍കി. അവരും എണ്ണ മികച്ചതാണെന്ന അഭിപ്രായമാണ് പങ്കുവച്ചത്.

View this post on Instagram

A post shared by Avimee Herbal | Ayurveda (@avimeeherbal)

നാനാജിയും മകളും ചേര്‍ന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഹെയര്‍ ഓയില്‍ വില്‍ക്കാന് തുടങ്ങി. ഭാര്യ ശകുന്തളയും ഇവരെ സഹായിച്ചു. വളരെ പെട്ടെന്ന് തന്നെ അവിമീ ഹെര്‍ബല്‍ ശ്രദ്ധപിടിച്ചുപറ്റി. ആവശ്യക്കാര്‍ തേടിപ്പിടിച്ചു ഹെയര്‍ ഓയില്‍ വാങ്ങി. ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്‍റെ ഭാര്യ മിറ കപൂറും അവിമീ ഹെര്‍ബലിന്‍റെ കസ്റ്റമറാണ്. അവിമീ ഹെര്‍ബലിന്‍റെ വിജയഗാഥ ഇന്‍സ്റ്റഗ്രാമില്‍ റീലുകളായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് നാനാജി ഒരു ഫാക്ടറി സ്ഥാപിക്കുന്നത്. 85ാം വയസില്‍ ആദ്യമായി ഒരു കാറും വാങ്ങി. അവരുടെ വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം അവിമീ ഹെർബലിന് ആയിരക്കണക്കിന് ഉപയോക്താക്കളാണ് ഉള്ളത്.

നാനാജീ യുവസംരംഭകര്‍ക്കായി പങ്കുവയ്ക്കുന്ന ചില ടിപ്സുകള്‍

1. വിഷന്‍ ആന്‍ഡ് മിഷന്‍ (Vision & Mission)

മുടി വളരാന്‍ മായമില്ലാത്ത ഔഷധകൂട്ടുകള്‍ നല്‍കുന്നതിലൂടെ മറ്റുള്ളവരുടെ ലൈഫ്‌സ്റ്റൈല്‍ മെച്ചപ്പെടുത്തുന്നു. എല്ലാ ബിസിനസിനും വേണം ഇത്തരത്തില്‍ ഒരു സാമൂഹ്യപ്രതിബദ്ധത.

2. വിശ്വാസം (Belief)

വിപണിയിലേക്കെത്തിയപ്പോള്‍ തളര്‍ത്താന്‍ നിരവധിപേര്‍ വന്നു, കള്ളന്മാരെന്ന് പോലും വിളിച്ചു. സ്വന്തം ബിസിനസിലും ഉല്‍പ്പന്നത്തിലും പ്രവര്‍ത്തന രീതിയിലും കലര്‍പ്പില്ലെങ്കില്‍ എന്തിന് ഭയക്കണം. ഞങ്ങളെ ഞങ്ങള്‍ക്ക് വിശ്വാസമായിരുന്നു, ഞങ്ങളുടെ ഉല്‍പ്പന്നത്തെയും. സ്വന്തം ഉല്‍പ്പന്നത്തെ വിശ്വസിക്കുക, പ്രവര്‍ത്തികള്‍ സുതാര്യമാക്കുക.

3. കഠിനാധ്വാനം (Hardwork)

കഠിനാധ്വാനത്തിന് (Hardwork) റീപ്ലേസ്‌മെന്റില്ല. 25 വര്‍ഷങ്ങളെടുത്തു, ഇവിടെവരെയെത്താന്‍, വിജയിക്കാന്‍. ചിലപ്പോള്‍ ഒരു സംരംഭം വിജയിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. എന്നാല്‍ കഠിനാധ്വാനവും നിശ്ചദാര്‍ഢ്യവും തീര്‍ച്ചയായും വിജയം നേടും.

4. ടീം വര്‍ക്ക് (Team Work)

Dont Underestimate the power of team work എന്നതാണ് എന്‍റെ മുദ്രാവാക്യം. ഞാന്‍ വൃദ്ധനാണ്, എന്നാല്‍ എന്‍റെ ടീമിനൊപ്പം ഞാന്‍ ചെറുപ്പത്തിന്റെ കരുത്തോടെ പ്രവര്‍ത്തിക്കുന്നത് അവര്‍ നല്‍കുന്ന പിന്തുണയാണ്. എന്‍റെ ടീം എന്റെ കുടുംബം തന്നെയാണ്. കുടുംബത്തെയും ബിസിനസില്‍ ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ ആശയങ്ങള്‍ക്ക് തിളക്കം കൂടും. ടീം മികച്ചതാക്കാന്‍ ആത്മാര്‍ത്ഥതയും കഴിവും ഉള്ളവരെ കണ്ടെത്താനും കൂടെ നിര്‍ത്താനും നിങ്ങള്‍ മുന്നിട്ടിറങ്ങണം.

Similar Posts