India
ഭാരത് ജോഡോ യാത്ര സിറ്റി സ്‌റ്റേഡിയത്തിൽ താമസിച്ചാൽ ബോംബ് സ്‌ഫോടനമുണ്ടാക്കും; ഇൻഡോറിൽ അജ്ഞാത കത്ത്
India

'ഭാരത് ജോഡോ യാത്ര സിറ്റി സ്‌റ്റേഡിയത്തിൽ താമസിച്ചാൽ ബോംബ് സ്‌ഫോടനമുണ്ടാക്കും'; ഇൻഡോറിൽ അജ്ഞാത കത്ത്

Web Desk
|
18 Nov 2022 10:05 AM GMT

ആർഎസ്എസ് നേതാവ് വി.ഡി സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു

ഇൻഡോർ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശ് ഇൻഡോറിലെ സിറ്റി സ്‌റ്റേഡിയത്തിൽ താമസിച്ചാൽ ബോംബ് സ്‌ഫോടമുണ്ടാകുമെന്ന് അജ്ഞാത കത്ത്. നവംബർ 28ന് രാഹുലും സംഘവും സ്‌റ്റേഡിയത്തിൽ തങ്ങിയാൽ സ്‌ഫോടനമുണ്ടാകുമെന്നാണ് നഗരത്തിലെ ഒരു ഷോപ്പിൽ നിന്ന് ലഭിച്ച കത്തിൽ പറയുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ ഭീഷണിയാണെന്നാണ് പൊലീസ് കരുതുന്നത്.

'നഗരത്തിലെ ജൂനി പ്രദേശത്തുള്ള മധുര പലഹാര കടയിൽ നിന്ന് വ്യാഴാഴ്ച വൈകീട്ടാണ് കത്ത് കിട്ടിയത്. ഭാരത് ജോഡോ യാത്ര സംഘം ഖൽസ സ്‌റ്റേഡിയത്തിൽ തങ്ങിയാൽ നഗരത്തിൽ ബോംബ് സ്‌ഫോടനം നടത്താമെന്നാണ് കത്തിലുണ്ടായിരുന്നത്' വാർത്താ ഏജൻസിയായ പി.ടി.ഐയോട് ഇൻഡോർ കമ്മീഷ്ണർ എച്ച്.സി മിശ്ര പറഞ്ഞു. കത്തിൽ രാഹുലിനെ നേരിട്ട് ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 507 (അജ്ഞാത വ്യക്തിയുടെ ക്രിമിനൽ ഭീഷണിപ്പെടുത്തൽ) പ്രകാരം കുറ്റപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കമ്മീഷ്ണർ പറഞ്ഞു.

സംഭവത്തിൽ സംസ്ഥാന കോൺഗ്രസ് സെക്രട്ടറി നിലാബ് ശുക്ല അന്വേഷണം ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രക്ക് വേണ്ട സുരക്ഷയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മഹാരാഷ്ട്രയിലുള്ള പദയാത്ര നവംബർ 20ന് മധ്യപ്രദേശിലേക്ക് കടക്കും.

അതിനിടെ, ആർഎസ്എസ് നേതാവ് വി.ഡി സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. ശിവസേനയിലെ ഏക്‌നാഥ് ഷിൻഡെ പക്ഷം നൽകിയ പരാതിയിലാണ് കേസ് എടുത്തത്. ഭാരത് ജോഡോ യാത്രയ്ക്കിടെ ആയിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. സവർക്കർ ബ്രിട്ടീഷുകാർക്ക് എഴുതിയ മാപ്പപേക്ഷ രാഹുൽ വാർത്താ സമ്മേളനത്തിൽ വായിച്ചിരുന്നു. മഹാത്മാ ഗാന്ധി ഉൾപ്പടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളെ സവർക്കർ ചതിച്ചെന്നും രാഹുൽ ഇന്നലെ പറഞ്ഞു. ഇതിനെതിരെ ബാലാസാഹിബാഞ്ചി ശിവസേന നേതാവ് വന്ദന ഡോങ്‌ഗ്രെയാണ് താനെ നഗർ പൊലീസിൽ പരാതി നൽകിയത്. വി.ഡി സവർക്കറെ വിവാദ പ്രസ്താവനയിലൂടെ രാഹുൽ ഗാന്ധി അപമാനിച്ചു എന്നാരോപിച്ചാണ് വന്ദന പരാതി നൽകിയത്. ഇവരുടെ പരാതി പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 500,501 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.

രാഹുൽ ഗാന്ധിയുടെ ഇതേ പ്രസ്താവനയ്ക്ക് എതിരെ സവർക്കറുടെ ചെറുമകൻ രഞ്ജിത്ത് സവർക്കറും പരാതി നൽകിയിട്ടുണ്ട്. അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ മഹാത്മാ ഗാന്ധിയുടെ മകന്റെ ചെറുമകൻ തുഷാർ ഗാന്ധിയും ഭാഗമായി.

An anonymous letter said that if the Bharat Jodo Yatra run by the Congress led by Rahul Gandhi stayed at the City Stadium in Indore, Madhya Pradesh, there would be a bomb blast.

Similar Posts