India
കര്‍ഷകനെ വാഹന ഷോറൂം ജീവനക്കാരന്‍ അപമാനിച്ച സംഭവം: പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര
India

കര്‍ഷകനെ വാഹന ഷോറൂം ജീവനക്കാരന്‍ അപമാനിച്ച സംഭവം: പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര

Web Desk
|
25 Jan 2022 3:41 PM GMT

'വ്യക്തിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുക എന്നത് പ്രധാനമാണ്'

വാഹനം വാങ്ങാനെത്തിയ കര്‍ഷകനെ മഹീന്ദ്ര ഷോറൂം ജീവനക്കാരന്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. വ്യക്തിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുക എന്നത് വളരെ പ്രധാനമാണെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു.

"നമ്മുടെ സമൂഹത്തിന്‍റെ ഉയർച്ചയാണ് മഹീന്ദ്രയുടെ പ്രധാന ലക്ഷ്യം. വ്യക്തിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുക എന്നതാണ് പ്രധാനപ്പെട്ട ഒരു മൂല്യം. ഈ തത്ത്വത്തില്‍ നിന്നുള്ള ഏതൊരു വ്യതിചലനവും വളരെ അടിയന്തരമായി പരിഹരിക്കപ്പെടും"-. മഹീന്ദ്ര ആൻഡ് മഹീന്ദ്ര സി.ഇ.ഒ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

കമ്പനി സി.ഇ.ഒ വിജയ് നാക്രയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം- ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളുടെയും ബഹുമാനവും അന്തസ്സും ഞങ്ങള്‍ ഉറപ്പാക്കുന്നു. പ്രസ്തുത സംഭവം ഞങ്ങള്‍ അന്വേഷിക്കുകയാണ്. ജീവനക്കാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ഉചിതമായ നടപടിയെടുക്കുമെന്നും വിജയ് നാക്ര ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ബംഗളൂരുവിലെ തുംകുരുവിലായിരുന്നു സംഭവം. കൃഷി ആവശ്യങ്ങള്‍ക്കായി പിക്ക് അപ് വാന്‍ വാങ്ങാനെത്തിയ കെമ്പെഗൌഡ എന്ന കര്‍ഷകനെ ഷോറൂമിലെ സെയ്ല്‍സ്മാന്‍ അപമാനിച്ച് പുറത്താക്കുകയായിരുന്നു. കര്‍ഷകന്‍ ധരിച്ച വസ്ത്രം കണ്ട് കാര്‍ വാങ്ങാനുള്ള ശേഷിയില്ലെന്ന് അനുമാനിച്ച് സെയില്‍സ്മാന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. 10 ലക്ഷം പോയിട്ട് 10 രൂപ പോലും നിങ്ങളുടെ പോക്കറ്റിലുണ്ടാകില്ലെന്ന് പറഞ്ഞാണ് കര്‍ഷകനെ അപമാനിച്ചത്.

എന്നാല്‍ തനിക്ക് മഹീന്ദ്രയുടെ എസ്.യു.വി വേണമെന്നും ഒരു മണിക്കൂറിനുള്ളില്‍ താന്‍ പണവുമായെത്തുമെന്നും കെമ്പെഗൌഡ വെല്ലുവിളിച്ചു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ പണവുമായെത്തി. ഇന്നുതന്നെ എസ്.യു.വി ഡെലിവറി ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇതോടെ വാഹന ഷോറൂം ജീവനക്കാര്‍ ഞെട്ടി. ശനിയും ഞായറും അവധിയായതിനാൽ കാർ ഡെലിവറി ചെയ്യാൻ സാധിക്കാതെ ഷോറൂമുകാർ കുടുങ്ങി. ഇതോടെ കെമ്പെഗൌഡയും സുഹൃത്തുക്കളും ഷോറൂമിൽ കുത്തിയിരിപ്പ് സമരം നടത്തി. കാർ ഡെലിവറി ചെയ്യാതെ അപമാനിച്ചെന്ന് കാട്ടി പൊലീസിന് പരാതി നൽകുകയും ചെയ്തു. തിലക് പാർക്ക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയാണ് കര്‍ഷകനെ അനുനയിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി.

Related Tags :
Similar Posts