India
കോണ്‍ഗ്രസ് ഉലയുന്നു; പടയൊരുക്കവുമായി ജി23 നേതാക്കള്‍
India

കോണ്‍ഗ്രസ് ഉലയുന്നു; പടയൊരുക്കവുമായി ജി23 നേതാക്കള്‍

Web Desk
|
30 Sep 2021 8:21 AM GMT

കോൺഗ്രസിലെ തിരുത്തല്‍വാദികളും ഹൈക്കമാന്‍ഡും തമ്മിലെ അഭിപ്രായം വ്യത്യാസം കപിൽ സിബലിന്‍റെ ഇന്നലത്തെ വാർത്താ സമ്മേളനത്തോടെ രൂക്ഷമായി.

മുൻ കേന്ദ്രമന്ത്രി കപിൽ സിബലിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ അപലപിച്ചു. വ്യത്യസ്ത അഭിപ്രായം പറയുന്നവരെ അസഹിഷ്ണുതയോടെ കാണരുതെന്ന് കോണ്‍ഗ്രസിലെ തിരുത്തല്‍വാദികള്‍ ആവശ്യപ്പെട്ടു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി സ്ഥിരം അധ്യക്ഷനെ കണ്ടെത്തണമെന്ന ആവശ്യം ഇവർ ശക്തമാക്കി.

കോൺഗ്രസിലെ തിരുത്തല്‍വാദികളും ഹൈക്കമാന്‍ഡും തമ്മിലെ അഭിപ്രായം വ്യത്യാസം കപിൽ സിബലിന്‍റെ ഇന്നലത്തെ വാർത്താ സമ്മേളനത്തോടെ രൂക്ഷമായി. കോൺഗ്രസിൽ ആരാണ് തീരുമാനങ്ങൾ എടുക്കുന്നത് എന്നറിയില്ലെന്നാണ് കപില്‍ സിബല്‍ പറഞ്ഞത്. പിന്നാലെ കപില്‍ സിബലിന്‍റെ ഡല്‍ഹിയിലെ വീട് ആക്രമിക്കപ്പെട്ടു. പിന്നാലെ കപിൽ സിബലിനു പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ആനന്ദ് ശർമ.

'അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്രമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അഭിപ്രായവ്യത്യാസങ്ങള്‍ ജനാധിപത്യത്തിന്‍റെ ഭാഗമാണ്. അസഹിഷ്ണുതയും അക്രമവും കോണ്‍ഗ്രസ് മൂല്യങ്ങള്‍ക്കും സംസ്കാരത്തിനും എതിരാണ്. കപില്‍ സിബലിന്‍റെ വീടിന് നേരെയുണ്ടായ ഗുണ്ടാആക്രമണം ഞെട്ടിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടിക്ക് അപകീര്‍ത്തികരമാണ്. കുറ്റക്കാരെ കണ്ടെത്തി അച്ചടക്ക നടപടി സ്വീകരിക്കണം'- ആനന്ദ് ശർമ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിക്ക് കവചമൊരുക്കി അജയ് മാക്കൻ ജി 23യ്ക്ക് എതിരെ ആഞ്ഞടിച്ചു. കപിൽ സിബൽ നടത്തിയത് സംഘടനാ വിരുദ്ധ പ്രവർത്തനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചാബ് ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള സിദ്ദുവിന്‍റെ രാജി പിൻവലിപ്പിച്ചില്ലെങ്കിൽ ഹൈക്കമാന്‍റ് കൂടുതൽ ദുർബലമാകുന്ന സാഹചര്യമാണുള്ളത്.

Similar Posts