സ്ത്രീകൾക്ക് 1500 രൂപ പെൻഷൻ: ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻ.ഡി.എ പ്രകടനപത്രിക പുറത്തിറക്കി
|ജനസേന, തെലുഗുദേശം പാർട്ടി, ബി.ജെ.പി എന്നിവരാണ് സംസ്ഥാനത്ത് എൻ.ഡി.എ സഖ്യകക്ഷികൾ
അമരാവതി: ആന്ധ്രാപ്രദേശിലെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടനപത്രിക ചൊവ്വാഴ്ച പുറത്തിറക്കി. യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ പെൻഷൻ നൽകുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തു. ജനസേന, തെലുഗുദേശം പാർട്ടി(ടി.ഡി.പി), ബിജെപി എന്നിവരാണ് സംസ്ഥാനത്ത് എൻ.ഡി.എ സഖ്യകക്ഷികൾ. തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം നൽകുമെന്നും എൻ.ഡി.എ സഖ്യം വാഗ്ദാനം ചെയ്തു.
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, എല്ലാ വീട്ടിലും പ്രതിവർഷം മൂന്ന് സൗജന്യ പാചക വാതക സിലിണ്ടറുകൾ, സ്‌കൂളിൽ പോകുന്ന ഓരോ കുട്ടിക്കും പ്രതിവർഷം 15,000 രൂപ എന്നിവയും നൽകുമെന്ന് ടി.ഡി.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എൻ.ഡി.എ തമ്മിലുള്ള സീറ്റ് വിഭജനത്തിന്റെ ഭാഗമായി ടി.ഡി.പി 144 നിയമസഭാ മണ്ഡലങ്ങളിലും 17 ലോക്സഭാ മണ്ഡലങ്ങളിലും ബി.ജെ.പി ആറ് ലോക്സഭാ സീറ്റുകളിലും 10 നിയമസഭാ സീറ്റുകളിലും മത്സരിക്കും. രണ്ട് ലോക്സഭാ സീറ്റുകളിലും 21 നിയമസഭാ സീറ്റുകളിലും ജനസേന മത്സരിക്കും.
ആന്ധ്രാപ്രദേശിലെ 175 അംഗ നിയമസഭയിലേക്കും 25 ലോക്സഭാ സീറ്റുകളിലേക്കും മെയ് 13 ന് വോട്ടെടുപ്പ് നടക്കും. ജൂൺ 4നാണ് വോട്ടെണ്ണൽ.