ഗുലാബ് ചുഴലിക്കാറ്റിന്‍റെ ആശങ്കയൊഴിയുന്നു; ന്യൂനമർദമാകുമെന്ന് റിപ്പോർട്ട്
|അതേസമയം ഒഡീഷയില്‍ കനത്ത മഴ തുടരുകയാണ്
ഗുലാബ് ചുഴലിക്കാറ്റിന്‍റെ ആശങ്കയൊഴിയുന്നു. ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഒഡീഷയില്‍ കനത്ത മഴ തുടരുകയാണ്. സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി ഒഡീഷയില്‍ നിന്ന് മുപ്പത്തിഒമ്പതിനായിരം പേരെ മാറ്റിപാര്‍പ്പിച്ചു.
ആന്ധ്രയുടെ തീരദേശ ജില്ലയായ ശ്രീകാകുളത്ത് കടലില്‍ ബോട്ടുമറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി. 95 കിലോമീറ്റര്‍ വേഗത്തില്‍ ആന്ധ്ര, ഒഡീഷ തീരം തൊട്ട ഗുലാബ് ചുഴലിക്കാറ്റ് വലിയ ഭീതി സൃഷ്ടിച്ചിരുന്നെങ്കിലും ഇപ്പോള്‍ ആശങ്ക ഒഴിയുകയാണ്.
നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരളത്തിൽ സെപ്തംബര്‍ 26 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ശക്തമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.