India
Anganwadi workers serve eggs to children, take them back after video shoot
India

അങ്കണവാടി കുട്ടികൾക്ക് മുട്ട നൽകി, വീഡിയോ എടുത്ത ശേഷം തിരിച്ചെടുത്ത് ജീവനക്കാർ; സസ്പെൻഷൻ

Web Desk
|
10 Aug 2024 12:09 PM GMT

കുട്ടികൾ ഒന്ന് രുചിച്ചുപോലും നോക്കുന്നതിനു മുമ്പാണ് പ്ലേറ്റിൽ നിന്നും മുട്ട തിരിച്ചെടുത്തത്.

ബെം​ഗളൂരു: അങ്കണവാടിയിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകിയ ശേഷം ഉടൻ തന്നെ തിരിച്ചെടുത്ത് ജീവനക്കാർ. മുട്ട കൊടുത്തതിന്റെ വീഡിയോ എടുത്ത ശേഷമാണ് അവ തിരിച്ചെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ അധ്യാപികയെയും സഹായിയേയും സസ്പെൻഡ് ചെയ്തു. കർണാടകയിലെ കൊപ്പൽ ജില്ലയിലെ ​ഗുൻഡുർ ​ഗ്രാമത്തിലാണ് സംഭവം.

അങ്കണവാടി ജീവനക്കാർ കുട്ടികൾക്ക് മുട്ട വിളമ്പുകയും പ്രാർഥന നടത്തുകയും ഇതിന്റെ വീഡിയോ പകർത്തുകയും ചെയ്ത ശേഷം പ്ലേറ്റിൽ നിന്ന് അവ തിരികെയെടുക്കുകയായിരുന്നു. കുട്ടികൾ ഒന്ന് രുചിച്ചുപോലും നോക്കുന്നതിനു മുമ്പാണ് പ്ലേറ്റിൽ നിന്നും മുട്ട തിരിച്ചെടുത്തത്. സംഭവത്തിൽ ജീവനക്കാരായ ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

കുട്ടികള്‍ മുന്നിലുള്ള പാത്രത്തില്‍ മുട്ടകളുമായി ഇരിക്കുന്നത് വീഡിയോയില്‍ കാണാം. കൈകൂപ്പി ഇരിക്കുന്ന കുട്ടികൾക്ക് അധ്യാപിക പ്രാർഥന പറഞ്ഞുകൊടുക്കുകയും ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്യുന്നു. പ്രാർഥനയ്ക്കു ശേഷം രണ്ടാമത്തെ ജീവനക്കാരി മുട്ടകള്‍ എടുത്തു മാറ്റുന്നത് വീഡിയോയിൽ വ്യക്തമാണ്.

അങ്കണവാടിയിൽ മുട്ട നിർബന്ധമാണെന്നിരിക്കെയാണ് അധ്യാപികമാർ ഇത്തരത്തിൽ ചെയ്തത്. കുട്ടികൾക്ക് നൽകാനായി എല്ലാ അങ്കണവാടികളിലേക്കും സർക്കാർ നൽകുന്നതാണ് മുട്ടകൾ. ഇവ ഉച്ചഭക്ഷണത്തോടൊപ്പം പുഴുങ്ങി നൽകണം.

സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ഇരുവർക്കുമെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ക്രമക്കേട് കാണിച്ച ജീവനക്കാരെ പുറത്താക്കണം എന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. നേരത്തെ, പൂനെയിലെ ഒരു അങ്കണവാടിയിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയിരുന്നു.

Similar Posts