അങ്കോല അപകടം; ജി.പി.എസ് ലഭിച്ചിടത്ത് ലോറിയില്ല: തിരച്ചിൽ ഗംഗാവലി പുഴയിലേക്ക്
|ഇടവിട്ട് പെയ്യുന്ന മഴ വലിയ വെല്ലുവിളി
അങ്കോല: അർജുനിന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ശക്തമായ തിരച്ചിൽ നടക്കുന്നുണ്ടെങ്കിലും ഇതുവരേയും ശുഭവാർത്തകളൊന്നും ലഭിച്ചിട്ടില്ല. ജി.പി.എസ് ലൊക്കേഷൻ കണ്ടെത്തിയ സ്ഥലത്ത് ലോറി കണ്ടെത്താനായില്ലെന്ന് കർണാടക റവന്യു മന്ത്രി കൃഷ്ണ ഭൈര ഗൗഡ അറിയിച്ചു. സ്ഥലത്തെ ഭൂരിഭാഗം മണ്ണും നീക്കിയെന്നും മന്ത്രി പറഞ്ഞു.
ലോറിയിൽ നിന്ന് സിഗ്നൽ ലഭിക്കാത്ത സാഹചര്യത്തിൽ തിരച്ചിൽ ഗംഗാവലി പുഴയിലേക്ക് വ്യാപിപിച്ചു. അതേസമയം ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. മഴയെ തുടർന്ന് തിരച്ചിൽ താൽകാലികമായി നിർത്തിവെച്ചെങ്കിലും പിന്നീട് തുടർന്നു.
തിരച്ചിൽ വൈകിപ്പിച്ചിട്ടില്ലെന്നും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ, കോഴിക്കോട് എം.പി എം.കെ രാഘവൻ തുടങ്ങിയവരും സംഭവസ്ഥലത്ത് സന്ദർശിച്ചിരുന്നു.
അർജുൻ മണ്ണിനടയിൽപ്പെട്ട സംഭവം ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സംഭവം നടന്ന് ആറു ദിവസമായി എന്നത് ഞെട്ടിക്കുന്നൂവെന്നും രക്ഷാപ്രവർത്തനത്തിൽ പ്രതീക്ഷ വയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക സർക്കാരുമായി മായി കോൺഗ്രസ് നേതാക്കൾ ബന്ധപ്പെടുകയും രക്ഷാപ്രവർത്തനം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ പറഞ്ഞു. സാധിക്കുന്ന കാര്യങ്ങൾ അവർ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലുണ്ടായത്. കണ്ണാടിക്കൽ സ്വദേശിഅർജുൻ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. കർണാടകയിൽ നിന്ന് മരവുമായി കേരളത്തിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.