India
Angola Landslide: Kaiyakale Arjun; Rain blocking the way, latest news അങ്കോല മണ്ണിടിച്ചിൽ: കൈയകലെ അർജുൻ; വഴിമുടക്കി മഴ
India

അങ്കോല മണ്ണിടിച്ചിൽ: കൈയകലെ അർജുൻ; വഴിമുടക്കി മഴ

Web Desk
|
24 July 2024 1:34 PM GMT

ഷിരൂരിൽ പെയ്തത് 20 വർഷത്തിനിടെയുള്ള കനത്ത മഴ

അങ്കോല: പ്രാർഥനയോടെ നാട് മുഴുവൻ കാത്തിരുന്ന ര​ക്ഷാദൗത്യത്തിന്റ ഒമ്പതാം നാളിലാണ് അർജുൻ തൊട്ടടുത്തുണ്ടെന്ന ആശ്വാസത്തിന്റെ വാർത്തയെത്തിയത്. അർജുനായി നടത്തിയ തിരച്ചിലിൽ ലോഹത്തിന് സമാനമായ വസ്തു കണ്ടെത്തിയെന്ന വാർത്തയാണ് ആദ്യമെത്തിയത്. പിന്നാലെ അത് അർജുന്റേതായ ഭാരത് ബെൻസ് ലോറിയാണെന്ന് ജില്ലാ പൊലീസ് മേധാവിയുൾപ്പെടെ സ്ഥിരീകരിക്കുകയായിരുന്നു. കഴിവതിലും വേ​ഗത്തിൽ അ‍‍ർജുനിനെ പുറത്തെത്തിക്കാൻ സകല സംവിധാനങ്ങളുമപയോ​ഗിച്ച് രക്ഷാപ്രവർത്തനം ശക്തമാക്കിയപ്പോളാണ് വില്ലനയി മഴയെത്തിയത്.

മുന്നറിയിപ്പില്ലാതെ ഇടവിട്ട് പെയ്യുന്ന കനത്ത മഴയിൽ ര​ക്ഷാപ്രവർത്തനം ​ദുസഹമാവുകയാണ്. പിന്നാലെ ​ഗം​ഗാവലി പുഴയിലെ കുത്തൊഴുക്ക് ക്രമാതീതമായി വർധിച്ചു. ലോറി കണ്ടെത്തിയതായി സൂചന ലഭിച്ച സ്ഥലത്ത് തിരച്ചിൽ നടത്താനുള്ള നാവികസേനയുടെ മുങ്ങൽ സംഘത്തിന് ഇത് ഭീഷണിയായി. ദിവസങ്ങൾക്ക് മുമ്പ് മണ്ണിടിഞ്ഞ് വന്ന സ്ഥലത്ത് നീരൊഴുക്ക് രൂപപ്പെട്ടു. ഇത് സമീപ പ്രദേശങ്ങളിലെ മണ്ണ് ഇളകുന്നതിന് കാരണമായി. വീണ്ടും ഒരു മണ്ണിടിച്ചിലുണ്ടാകാനുളള സാധ്യത തള്ളികളയാനാവില്ല. അങ്ങനെ സംഭവിച്ചാൽ അത് രക്ഷപ്രവർത്തകരുടെ ജീവന് ഭീഷണിയാകും.

പ്രതികൂല സാഹചര്യം തുടരുന്നതിനാൽ തിരച്ചിൽ ഇന്ന് രാത്രി പതിനൊന്ന് മണിയോടെ അവസാനിപ്പിക്കും. തിരച്ചിലിനാവശ്യമായ അത്യാധൂനിക ഉപകരണങ്ങൾ നാളെ എത്തിക്കും. വലിയ ഡ്രോൺ, മറ്റൊരും ബൂം എക്സ്ക്കവേറ്റർ എന്നിവയാണ് എത്തിക്കുക. ഇതിൽ ബൂം എക്സ്ക്കവേറ്റർ ഇന്ന് രാത്രിയോടെയെത്തും.

കനത്തമഴയെ തുടർന്ന് ഷിരൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 20 വർഷത്തിനിടെ ഷിരൂരിൽ പെയ്ത കനത്ത മഴയാണ് ഇപ്പോഴത്തേതെന്നാണ് റിപ്പോർട്ടുകൾ. ബൂം എക്സ്കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലാണ് പുരോ​ഗമിക്കുന്നത്. ഒറ്റ ശ്രമത്തിൽ 60 അടിയോളം ഇറങ്ങിചെല്ലാൻ കഴിയുന്ന ബക്കറ്റുകളാണ് ഇവയ്ക്കുള്ളത്. അതേസമയം രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്ന് കർണാടക സർക്കാർവ വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയാണ് തിരച്ചിലിന് തടസ്സമായതെന്നും വിശദീകരണം.

Similar Posts