യു.പിയിൽ ജനരോഷത്തിന്‍റെ ചൂടറിഞ്ഞ് ബി.ജെ.പി സ്ഥാനാർത്ഥി; കല്ലെറിഞ്ഞോടിച്ച് നാട്ടുകാർ
|ശിവാൽഖാസിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ മനീന്ദർപാൽ സിങ്ങിനുനേരെയായിരുന്നു നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്
ഉത്തർപ്രദേശിൽ ബി.ജെ.പി സ്ഥാനാർത്ഥിക്കെതിരെ കടുത്ത ജനരോഷം. പടിഞ്ഞാറൻ യുപിയിലെ ഗ്രാമങ്ങളിൽ നാട്ടുകാർ ബി.ജെ.പി സ്ഥാനാർത്ഥിവ്യൂഹത്തിനുനേരെ കരിങ്കൊടി ഉയർത്തുകയും കല്ലും മണ്ണുമെറിഞ്ഞ് ഓടിക്കുകയും ചെയ്തു. മുദ്രാവാക്യങ്ങളുമായാണ് നാട്ടുകാർ നേതാക്കളെ നേരിട്ടത്.
പടിഞ്ഞാറൻ യു.പിയിലെ ചൂർ ഗ്രാമത്തിലാണ് സംഭവം. ശിവാൽഖാസിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ മനീന്ദർപാൽ സിങ്ങിനുനേരെയായിരുന്നു നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തിൽ മനീന്ദർ പരാതി നൽകിയിട്ടില്ലെങ്കിലും 85ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ചൂറിൽ വോട്ട് ചോദിച്ച് എത്തിയപ്പോഴാണ് ഒരുസംഘം പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ഥാനാർത്ഥിയെ അനുഗമിച്ച ഏഴ് കാറുകൾ കല്ലേറിൽ തകർന്നതായി മനീന്ദർപാൽ സിങ് ആരോപിച്ചു. എന്നാൽ, സംഭവത്തിൽ പരാതി നൽകിയിട്ടില്ലെന്നും നാട്ടുകാർ നമ്മുടെ ആളുകളാണെന്നും ഇവർക്ക് മാപ്പുനൽകുന്നുവെന്നും മനീന്ദർപാൽ സൺഡേ എക്‌സ്പ്രസിനോട് പ്രതികരിച്ചു. ജനാധിപത്യത്തിൽ വോട്ട് ചോദിച്ചുവരുന്നവരെ ഇത്തരത്തിൽ നേരിടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലെറിഞ്ഞയാളുടെ കൈയിൽ രാഷ്ട്രീയ ലോക്ദളിന്റെ(ആർ.എൽ.ഡി) പതാകയുണ്ടായിരുന്നതായി എഫ്.ഐ.ആറിൽ പറയുന്നു. വിഡിയോ ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് സർധാന പൊലീസ് മേധാവി ലക്ഷ്മൺ വർമ പ്രതികരിച്ചു.
ഇതിനുമുൻപും ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് യുപിയുടെ വിവിധ ഭാഗങ്ങളിൽ കടുത്ത പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു. ചപ്രൗളിയിലെ ബി.ജെ.പി സ്ഥാനാർത്ഥി സഹേന്ദ്ര റമാലയ്ക്കുനേരെ ദഹ ഗ്രാമത്തിൽ നാട്ടുകാർ കരിങ്കൊടി കാണിച്ചിരുന്നു. നിരുപദ ഗ്രാമത്തിൽ പ്രവേശിക്കുന്നത് നാട്ടുകാർ തടയുകയും ചെയ്തു.
Summary: BJP Siwalkhas candidate Maninderpal Singh came under attack at Chur village in Uttar Pradesh