'ആദ്യം ജയിലിലെ ഭക്ഷണം കഴിക്കൂ, ബാക്കി പിന്നെ ആലോചിക്കാം'; മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയോട് കോടതി
|കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഈ മാസം ഒന്നിനാണ് ദേശ്മുഖിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇ.ഡിയുടെ മുംബൈ ഓഫീസിൽ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.
അഴിമതിക്കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വീട്ടിൽ പാചകം ചെയ്ത ഭക്ഷണം വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി തള്ളി. ആദ്യം ജയിലിലെ ഭക്ഷണം കഴിക്കൂ, അല്ലെങ്കിൽ അപ്പോൾ തീരുമാനിക്കാമെന്നായിരുന്നു കോടതിയുടെ പ്രതികരണം. അതേസമയം ആരോഗ്യപരമായ കാരണങ്ങളാൽ ജയിലിൽ ബെഡ് അനുവദിക്കണമെന്ന ദേശ്മുഖിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഈ മാസം ഒന്നിനാണ് ദേശ്മുഖിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇ.ഡിയുടെ മുംബൈ ഓഫീസിൽ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഈ വർഷം ഏപ്രിലിൽ സിബിഐ ദേശ്മുഖിനെതിരെ അഴിമതിക്കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇ.ഡിയും അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്.
സസ്‌പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുടെ സഹായത്തോടെ ദേശ്മുഖ് ബാർ, ഹോട്ടൽ ഉടമകളിൽ നിന്ന് 4.70 കോടി പിരിച്ചെടുത്തുവെന്നാണ് ഇ.ഡിയുടെ ആരോപണം. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്നാണ് ദേശ്മുഖിന്റെ വാദം. കളങ്കിതനായ പോലീസ് ഉദ്യോഗസ്ഥന്റെ സച്ചിൻ വാസെയുടെ ദുരുദ്ദേശ്യപരമായ പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.