India
ANI, Smitha Prakash, Twitter, എ.എന്‍.ഐ, സ്മിത പ്രകാശ്, ട്വിറ്റര്‍
India

'13 വയസ്സ് പൂര്‍ത്തിയായില്ലെന്ന്'; എ.എന്‍.ഐയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു

Web Desk
|
29 April 2023 10:21 AM GMT

76 ലക്ഷം പേര്‍ വാര്‍ത്തകള്‍ക്കായി പിന്തുടര്‍ന്നിരുന്ന ട്വിറ്റര്‍ അക്കൗണ്ടായിരുന്നു എ.എന്‍.ഐയുടേത്

ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്ത ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്‍റര്‍നാഷണലിന്‍റെ(എ.എന്‍.ഐ) ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. ട്വിറ്റര്‍ അധികൃതര്‍ തന്നെയാണ് അക്കൗണ്ട് മരവിപ്പിച്ചത്. 76 ലക്ഷം പേര്‍ വാര്‍ത്തകള്‍ക്കായി പിന്തുടര്‍ന്നിരുന്ന ട്വിറ്റര്‍ അക്കൗണ്ടായിരുന്നു എ.എന്‍.ഐയുടേത്. ട്വിറ്ററിന്‍റെ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ സസ്പെന്‍ഡ് ചെയ്തുവെന്നാണ് എ.എന്‍.ഐയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നല്‍കിയിരിക്കുന്നത്. അതെ സമയം സസ്പെന്‍ഡ് ചെയ്യപ്പെടാനിടയാക്കിയ കാരണം വ്യക്തമല്ല.

അതെ സമയം ട്വിറ്റര്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധമായ മാനദണ്ഡങ്ങളില്‍ ഒന്നായ പതിമൂന്ന് വയസ്സ് പൂര്‍ത്തിയായില്ലെന്ന വിചിത്ര മറുപടിയാണ് ട്വിറ്റര്‍ അധികൃതര്‍ തങ്ങള്‍ക്ക് നല്‍കിയതെന്ന് എ.എന്‍.ഐ വ്യക്തമാക്കി. ട്വിറ്ററില്‍ നിന്നും ലഭിച്ച മറുപടി എ.എന്‍.ഐ ഡയറക്ടര്‍ സ്മിത പ്രകാശ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ട്വിറ്റര്‍ വെരിഫിക്കേഷനായി എ.എന്‍.ഐയ്ക്ക് നല്‍കിയിരുന്ന ഗോള്‍ഡന്‍ ടിക്ക് പുതിയ നടപടിയിലൂടെ നീക്കം ചെയ്തതായി സ്മിത അറിയിച്ചു. നീല ടിക്കാണ് നിലവില്‍ വെരിഫൈഡായി നല്‍കിയത്. അക്കൗണ്ട് പുനസ്ഥാപിക്കുന്നത് വരെ എ.എന്‍.ഐ ഡിജിറ്റല്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നായിരിക്കും വാര്‍ത്തകള്‍ പങ്കുവെക്കുകയെന്നും സ്മിത പ്രകാശ് അറിയിച്ചു.

Similar Posts