'അഞ്ജലിക്കൊപ്പം സ്കൂട്ടറില്‍ കൂട്ടുകാരിയുമുണ്ടായിരുന്നു': ഡല്‍ഹി കൊലക്കേസില്‍ നിര്‍ണായകമൊഴി
|പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി
ഡൽഹി: സുൽത്താൻപുരിയിൽ കൊല്ലപ്പെട്ട യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. യുവതിയുടെ കുടുംബത്തിന് ഡൽഹി സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
മൃതദേഹം കണ്ടെത്തിയപ്പോൾ യുവതിയുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ പീഡനത്തിന് ഇരയായോയെന്ന് അന്വേഷിക്കണമെന്ന് കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. ശരീരത്തിൽ കണ്ടെത്തിയ മുറിവുകളെല്ലാം പെൺകുട്ടിയെ 13 കിലോമീറ്റർ വാഹനത്തിൽ വലിച്ചിഴച്ചത് മൂലമുണ്ടായതാണ്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നതായും റിപ്പോട്ടിലുണ്ട്. മൗലാന ആസാദ് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട് പൊലീസിന് കൈമാറി.
അതേസമയം കേസിൽ ദുരൂഹതകളുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടം നടക്കുന്ന സമയത്ത് അഞ്ജലിക്കൊപ്പം സുഹൃത്ത് നിധിയുമുണ്ടായിരുന്നു. ഇരുവരും പുതുവർഷം ആഘോഷിച്ച ഹോട്ടലിൽ വെച്ച് വഴക്കുണ്ടായെന്ന് ഹോട്ടൽ മാനേജർ പൊലീസിന് മൊഴി നൽകി. അതിന് ശേഷം ഇരുവരും ഒരുമിച്ച് സ്കൂട്ടറിൽ മടങ്ങി. നിധിയെ പൊലീസ് ചോദ്യംചെയ്യുന്നുണ്ട്. കേസിന്റെ വിശദാംശങ്ങൾ പൊലീസ് മേധാവി സഞ്ജയ് അറോറ ആഭ്യന്തര മന്ത്രാലയത്തില്‍ നേരിട്ടെത്തി വിശദീകരിച്ചു.
കേസിൽ അഞ്ചു പേരാണ് അറസ്റ്റിലായിരിക്കുന്നത്. കൊലപാതത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികളിൽ ഒരാൾ ബി.ജെ.പി നേതാവ് ആണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.