'കസ്റ്റമർമാര്‍ക്കൊപ്പം കിടപ്പറ പങ്കിടാന്‍ നിർബന്ധിച്ചു; വഴങ്ങാതിരുന്നപ്പോൾ കൊല'; ബി.ജെ.പി നേതാവിന്റെ മകന്റെ റിസോർട്ടിന് നാട്ടുകാർ തീകൊളുത്തി, ഇടിച്ചുനിരപ്പാക്കി
|ഉത്തരാണ്ഡിലെ മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരിയാണ് കൊല്ലപ്പെട്ടത്
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 19കാരിയുടെ കൊലപാതകത്തിനു പിന്നിൽ ലൈംഗിക പീഡനത്തിനു വഴങ്ങാത്തതാണെന്ന് കുടുംബം. റിസോർട്ടിലെത്തിയ കസ്റ്റമർമാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ റിസപ്ഷനിസ്റ്റ് കൂടിയായ പെൺകുട്ടി വഴങ്ങിയിരുന്നില്ല. ഇതേതുടർന്നാണ് കൊലപാതകമെന്ന് പിതാവ് ആരോപിച്ചു.
ഉത്തരാണ്ഡിലെ മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള ഋഷികേശിലെ 'വനതാര' റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരിയാണ് കൊല്ലപ്പെട്ടത്. ലൈംഗിക ആവശ്യങ്ങൾക്ക് കൂട്ടാകാതിരുന്ന ശേഷവും പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. റിസോർട്ടിലെ ജോലി അവസാനിപ്പിക്കുകയാണെന്ന് ദിവസങ്ങൾക്കുമുൻപ് അങ്കിത സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് പുൽകിതിനൊപ്പം ഋഷികേശിൽ ഒരു സ്ഥലംവരെ അടിയന്തര ആവശ്യത്തിനായി വരണമെന്ന് ആവശ്യപ്പെട്ടത്. സെപ്റ്റംബർ 18നായിരുന്നു ഇത്. സംഭവത്തിനുശേഷമാണ് കുട്ടിയെ കാണാതായത്.
തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം അടുത്തുള്ള കനാലിൽനിന്ന് കണ്ടെടുത്തത്.
സംഭവത്തിൽ വൻ പ്രതിഷേധം ശക്തമായതിനു പിന്നാലെ റിസോർട്ടിന് നാട്ടുകാർ തീകൊടുക്കുകയും ചെയ്തു. ഇതിനുശേഷമാണ് പുൽകിത് ആര്യ, റിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ, അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഇന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ ധാമിയുടെ നിർദേശപ്രകാരം വിവാദ റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കുകയും ചെയ്തു. സംസ്ഥാനത്തെ മുഴുവൻ റിസോർട്ടുകളിലും അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്.
സംഭവം വിവാദമായതോടെ വിനോദ് ആര്യ, മകൻ അങ്കിത് ആര്യ എന്നിവരെ ബി.ജെ.പി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാരും ബി.ജെ.പി പ്രവർത്തകരാണെന്നാണ് വിവരം.
Summary: Ankita Bhandari Murder Case Updates: Locals set BJP Leader's son's resort on fire, later bulldozed by the authority