India
സൂപ്പർ മാർക്കറ്റുകളിൽ മദ്യം; ഉപവാസ സമരം താൽക്കാലികമായി നിർത്തി വെച്ച് അണ്ണാ ഹസാരെ
India

സൂപ്പർ മാർക്കറ്റുകളിൽ മദ്യം; ഉപവാസ സമരം താൽക്കാലികമായി നിർത്തി വെച്ച് അണ്ണാ ഹസാരെ

Web Desk
|
14 Feb 2022 7:23 AM GMT

ജനങ്ങളുമായി തീരുമാനിച്ച് പുതിയ മദ്യനയം നടപ്പാക്കുമെന്ന ഉറപ്പിനെ തുടർന്നാണ് സമരം മാറ്റിവെച്ചത്

മഹാരാഷ്ട്രയിലുടനീളമുള്ള സൂപ്പർമാർക്കറ്റുകളിലും ഷോറൂമുകളിലും വൈൻ വിൽക്കാൻ അനുമതി നൽകിയ മഹാ വികാസ് അഘാഡി (എം.വി.എ) സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാരം താൽക്കാലികമായി നിർത്തിവെക്കുന്നതായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. ശനിയാഴ്ച അഹമ്മദ്നഗർ ജില്ലയിലെ ഹസാരെയുടെ ഗ്രാമമായ റാലേഗൻ സിദ്ധിയിൽ പ്രിൻസിപ്പൽ സെക്രട്ടറി (എക്സൈസ്) വൽസ നായർ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് നിരാഹാര സമരം മാറ്റിവെക്കാൻ തീരുമാനിച്ചത്.

സൂപ്പർമാർക്കറ്റുകളിൽ വൈൻ വിൽക്കില്ലെന്നും പൗരന്മാരുമായി വിപുലമായ കൂടിയാലോചനകൾക്ക് ശേഷം പുതിയ മദ്യനയം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ടെന്ന് അന്ന ഹസാരെ പറഞ്ഞു. ഞാൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നു, ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയും. ആ ഉറപ്പ് ലഭിച്ചതിന് ശേഷമാണ് നിരാഹാര സമരം താൽക്കാലികമായി നിർത്താൻ ഞാൻ തീരുമാനിച്ചതെന്ന് ഹസാരെ പറഞ്ഞു.

ജനുവരി 27 നാണ് മഹാരാഷ്ട്ര മന്ത്രിസഭ 1,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സൂപ്പർമാർക്കറ്റുകളിലും ഷോറൂമിലും വൈൻ വിൽപന അനുവദിക്കുന്നതിനുള്ള നിർദ്ദേശം പാസാക്കിയത്. ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തെഴുതിയിരുന്നു. തുടർന്നാണ് സർക്കാർ ഉദ്യോഗസ്ഥരെ ചർച്ചകൾക്കായി നിയോഗിക്കുകയും സംസ്ഥാനത്ത് മദ്യം പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഹസാരെയ്ക്ക് ഉറപ്പ് നൽകുകയും ചെയ്തത്.

Similar Posts