ആന്ധ്രയിൽ ടിഡിപി റാലിയിൽ വീണ്ടും അപകടം; തിക്കിലും തിരക്കിലും മൂന്ന് മരണം
|റാലിക്കിടെ സംഘടിപ്പിച്ച പ്രത്യേക റേഷൻ വിതരണ പരിപാടിക്കായി നിരവധി പേരാണ് സ്ഥലത്ത് തടിച്ചു കൂടിയത്.
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപി റാലിക്കിടെ വീണ്ടും ദുരന്തം. തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ പത്ത് പേരുടെ നില ഗുരുതരമാണ്. ഗുണ്ടൂർ ജില്ലയിലെ വികാസ് നഗറിൽ നടന്ന പൊതുയോഗത്തിനിടെയാണ് അപകടം.
റാലിക്കിടെ സംഘടിപ്പിച്ച പ്രത്യേക റേഷൻ വിതരണ പരിപാടിക്കായി നിരവധി പേരാണ് സ്ഥലത്ത് തടിച്ചു കൂടിയത്. നായിഡു സ്ഥലത്തു നിന്നു പോയതിന് പിന്നാലെയാണ് വൻ തിക്കും തിരക്കുമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ടിഡിപി റാലിയിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾക്ക് ജീവൻ നഷ്ടമാകുന്നത്. കഴിഞ്ഞദിവസം റോഡ് ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ ഉള്‍പ്പെടെ എട്ട് പേർക്ക് ജീവൻ നഷ്ടമായിരുന്നു.
നെല്ലൂര്‍ ജില്ലയിലെ കണ്ടുകൂര്‍ നഗരലിലായിരുന്നു ഈ അപകടം. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ചന്ദ്രബാബു നായിഡുവിനെ കാണാന്‍ ആള്‍ക്കൂട്ടം തടിച്ചുകൂടിയ സമയത്ത് സംരക്ഷണ ഭിത്തി തകര്‍ന്ന് കാനയില്‍ വീണാണ് ആളപായം ഉണ്ടായത്.
സംഭവത്തെ തുടര്‍ന്ന് ചന്ദ്രബാബു നായിഡു പരിപാടി റദ്ദാക്കിയിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നായിഡു ധനസഹായവും പ്രഖ്യാപിച്ചിരുന്നു.