കുനോ ദേശീയപാര്‍ക്കിലെ ഒരു ചീറ്റ കൂടി ചത്തു
|നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒരെണ്ണം നേരത്തെ ചത്തിരുന്നു
ഭോപ്പാല്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിച്ച ഒരു ചീറ്റ കൂടി ചത്തു. മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കിലെത്തിച്ച ഉദയ് എന്ന ചീറ്റയാണ് ഞായറാഴ്ച ചത്തത്. നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒരെണ്ണം നേരത്തെ ചത്തിരുന്നു.
ഫെബ്രുവരിയിൽ രാജ്യത്തേക്ക് പറന്നെത്തിയ 12 ചീറ്റപ്പുലികളിൽ ഒന്നാണ് ആറുവയസുകാരനായ ഉദയ്. ചീറ്റക്ക് തളര്‍ച്ചയും നടക്കാന്‍ ബുദ്ധിമുട്ടുള്ളതായും ദിവസേനയുള്ള പരിശോധനയില്‍ കണ്ടെത്തിയതായി വനം വകുപ്പിന്‍റെ പത്രക്കുറിപ്പിൽ പറയുന്നു.രാവിലെ 11 മണിയോടെ ആദ്യഘട്ട ചികിത്സ നൽകുകയും ചെയ്ത ശേഷം വലിയ ചുറ്റുമതിലിൽ നിന്ന് പുറത്തെടുത്തു. മണിക്കൂറുകൾക്ക് ശേഷം വൈകിട്ട് നാലോടെ ഉദയ് ചത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നമീബിയൻ ചീറ്റയായ സാഷ എന്ന അഞ്ചുവയസുകാരി കഴിഞ്ഞ മാസമാണ് വൃക്കയിലെ അണുബാധയെ തുടർന്ന് ചത്തത്. കുനോ പാര്‍ക്കിലെത്തിച്ച ചീറ്റകളുടെ ആദ്യ ബാച്ചില്‍ പെട്ടതായിരുന്നു സാഷ. കഴിഞ്ഞ വർഷം നമീബിയയിൽ നിന്ന് പറന്നെത്തിയ അഞ്ച് പെൺ ചീറ്റപ്പുലികളിൽ ഒന്നും. നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം തന്‍റെ ജന്മദിനത്തില്‍ കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റകളുടെ രണ്ടാം ബാച്ചിൽ ഏഴ് ആണും അഞ്ച് പെണ്ണുമാണുണ്ടായിരുന്നത്. രാജ്യത്ത് എത്തിച്ച 20 ചീറ്റകളില്‍ 18 എണ്ണം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.
ആവാസവ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2009ൽ ആവിഷ്കരിച്ച പദ്ധതിയിലാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. 1952 ൽ ഏഷ്യൻ ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.വേട്ടയാടൽ, ആവാസവ്യവസ്ഥ നഷ്ടമാകല്‍, ഭക്ഷ്യക്ഷാമം എന്നിവയാണ് ഇന്ത്യയില്‍ ചീറ്റപ്പുലികളുടെ വംശനാശത്തിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ 200 ചീറ്റകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. ഗ്രാമത്തില്‍ പ്രവേശിച്ച് കന്നുകാലികളെ കൊന്നുതിന്നുന്ന കാരണത്താല്‍ ചീറ്റുകളെ കൊന്നിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്ത് വംശനാശം സംഭവിച്ച ഏക വലിയ സസ്തനിയാണ് ചീറ്റ.