തെലങ്കാനയിൽ ബി.ആർ.എസ് നേതാവ് കാശിറെഡ്ഢി കോൺഗ്രസിലേക്ക്
|കോൺഗ്രസിന് കീഴിലാണ് തെലങ്കാനയിൽ വികസനമുണ്ടാവുക എന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് അയച്ച രാജിക്കത്തിൽ കാശിറെഡ്ഢി പറഞ്ഞു.
ഹൈദരാബാദ്: ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ ബി.ആർ.എസിന് തലവേദനയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ബി.ആർ.എസ് നേതാവും എം.എൽ.സിയുമായ കാശിറെഡ്ഢി നാരായണ റെഡ്ഢിയാണ് പാർട്ടി വിട്ടത്. കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് കാശിറെഡ്ഢിയുടെ രാജി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നാണ് സൂചന.
കോൺഗ്രസിന് കീഴിലാണ് തെലങ്കാനയിൽ വികസനമുണ്ടാവുക എന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് അയച്ച രാജിക്കത്തിൽ കാശിറെഡ്ഢി പറഞ്ഞു. തെലങ്കാനയിൽ കോൺഗ്രസ് മുന്നോട്ടുവെച്ച ആറു വമ്പൻ വാഗ്ദാനങ്ങളും റെഡ്ഢി അദ്ദേഹത്തിന്റെ കത്തിൽ സൂചിപ്പിച്ചിരുന്നു.
സമീപകാലത്ത് ബി.ആർ.എസ് വിടുന്ന രണ്ടാമത്തെ പ്രമുഖനാണ് കാശിറെഡ്ഢി. നേരത്തെ മൈനാമ്പള്ളി ഹനുമാൻ റാവു എം.എൽ.എയും പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു. പിന്നീട് ഇദ്ദേഹം കോൺഗ്രസിൽ ചേർന്നു. മകന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വവുമായി ഇടഞ്ഞാണ് ഹനുമാൻ റാവുവും മകനും 10 ദിവസം മുമ്പ് ബി.ആർ.എസ് വിട്ടത്.