സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം; ഒരാഴ്ചക്കിടെ സ്‌ഫോടനം ഉണ്ടാവുന്നത് മൂന്നാം തവണ
|മെയ് ആറ്, എട്ട് തിയ്യതികളിലും സുവർണക്ഷേത്രത്തിന് സമീപം സ്‌ഫോടനമുണ്ടായിരുന്നു.
അമൃത്സർ: സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം. വ്യാഴാഴ്ച പുലർച്ചെ 12.30-ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ ആഴ്ച മൂന്നാം തവണയാണ് സുവർണക്ഷേത്രത്തിന് സമീപം സ്‌ഫോടനമുണ്ടാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ നൽകാൻ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.
VIDEO | 'Loud sound' was heard around 12.30 AM near the Golden Temple in Amritsar. pic.twitter.com/weKFzblkfN
— Press Trust of India (@PTI_News) May 11, 2023
''പുലർച്ചെ 12.15-12.30ഓടെയാണ് വലിയ ശബ്ദം കേട്ടത്. ഇത് മറ്റൊരു സ്ഫോടനമാകാൻ സാധ്യതയുണ്ട്. കാര്യങ്ങൾ പരിശോധിച്ചുവരികയാണ്, ഇനിയും സ്ഥിരീകരിക്കാനുണ്ട്. കെട്ടിടത്തിന് പിന്നിൽ ചില കഷ്ണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇരുട്ടായതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായിട്ടില്ല. പരിശോധന നടക്കുകയാണ്''-പൊലീസ് കമ്മീഷണർ നൗനിഹൽ സിങ് പറഞ്ഞു.
മെയ് ആറ്, എട്ട് തിയ്യതികളിലും സുവർണക്ഷേത്രത്തിന് സമീപം സ്‌ഫോടനമുണ്ടായിരുന്നു. ആദ്യ സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾക്ക് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. മെയ് എട്ടിനുണ്ടായ രണ്ടാമത്തെ സ്‌ഫോടനത്തിലും ഒരാൾക്ക് പരിക്കേറ്റിരുന്നു.