മണിപ്പൂരിൽ വീണ്ടും ബാങ്ക് കൊള്ള; ഒരുകോടി രൂപയുടെ ഇലക്ട്രോണിക് സാധനങ്ങൾ കവർന്നു
|കഴിഞ്ഞദിവസമാണ് ചർച്ചന്ദ്പൂരിലെ ആക്സിസ് ബാങ്കിന്റെ ശാഖയിൽ നിന്ന് 2.25 കോടി രൂപയുടെ പണവും ആഭരണങ്ങളും കാണാതായത്
ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ വീണ്ടും ബാങ്ക് കവർച്ച. കാങ്പോക്പി ജില്ലയിലെ ബാങ്കിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന കമ്പ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളുമാണ് കൊള്ളയടിച്ചത്. കഴിഞ്ഞദിവസം ചുരാചന്ദ്പൂരിലെ ആക്സിസ് ബാങ്ക് ശാഖയിൽ നിന്ന് 2.25 കോടി രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും കൊള്ളയടിച്ചിരുന്നു.
മെയ് നാലുമുതൽ ഇംഫാൽ താഴ്വരയ്ക്ക് വടക്കുള്ള മണിപ്പൂർ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിന്റെ കാങ്പോപി ബ്രാഞ്ച് അടച്ചിട്ടിരിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മൂന്ന് ദിവസം മുമ്പ് ഉദ്യോഗസ്ഥർ ബാങ്ക് തുറക്കാൻ പോയപ്പോഴാണ് മോഷണം വിവരമറിഞ്ഞതെന്ന് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും മറ്റ് വിലപിടിപ്പുള്ള ഇലക്ട്രോണിക് വസ്തുക്കളുമാണ് കാണാതായിരിക്കുന്നത്.
അതേസമയം, ഹെഡ് ഓഫീസിലെ നിർദേശ പ്രകാരം മെയ് പകുതിയോടെ തന്നെ എടിഎമ്മുകളിൽ നിന്നും ബാങ്കിൽ നിന്നുമെല്ലാം പണം സുരക്ഷിതമായി മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ പണം സൂക്ഷിക്കുന്ന അലമാരകളും മറ്റും മോഷ്ടാക്കൾ തകർത്തിട്ടുണ്ടെങ്കിലും ഒന്നും കിട്ടിയിട്ടില്ലെന്നും ബാങ്ക് ഉദ്യോഗസ്ഥർ വ്യക്തമാക്കി.സംഭവത്തിൽ കാംഗ്പോപി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ജൂലൈ 10നാണ് ചർച്ചന്ദ്പൂരിലെ ആക്സിസ് ബാങ്കിന്റെ ശാഖയിൽ നിന്ന് 2.25 കോടി രൂപയുടെ പണവും ആഭരണങ്ങളും കാണാതായത്. മോഷ്ടാക്കൾ ബാങ്കിന്റെ പിൻഭാഗത്ത് നിന്ന് കുഴിയെടുത്ത് അകത്ത് കടക്കുകയായിരുന്നു. 1.25 കോടി രൂപയും ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണാഭരണങ്ങളും ഒരു കമ്പ്യൂട്ടറുമാണ് കൊള്ളയടിച്ചത്. അതേസമയം, രണ്ടുമാസത്തിലധികമായി മണിപ്പൂരിൽ കലാപം തുടർന്നുകൊണ്ടിരിക്കുകയാണ്.