അസമിൽ വീണ്ടും ബുൾഡോസർ രാജ്; കൈയേറ്റമാരോപിച്ച് 40ഓളം വീടുകൾ തകർത്തു; കുടുംബങ്ങളെ പിന്തുണച്ച എം.എൽ.എ അറസ്റ്റിൽ
|കഴിഞ്ഞയാഴ്ച നഗാവുൻ ജില്ലയിൽ 400 ഏക്കർ ഭൂമി ഇത്തരത്തിൽ ഒഴിപ്പിച്ചിരുന്നു.
ഗുവാഹത്തി: അസമിൽ ഒരാഴ്ചയ്ക്ക് വീണ്ടും ബുൾഡോസർ രാജ്. കൈയേറ്റമാരോപിച്ച് 40ഓളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. അസമിലെ ബർപേട്ട ജില്ലയിലെ കനാറാ സത്രയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഇവിടുത്തെ 400 ബിഘ (247 ഏക്കർ) സർക്കാർ ഭൂമി തിരിച്ചുപിടിക്കാനെന്ന പേരിലായിരുന്നു വീടുകൾ പൊളിച്ചുനീക്കിയത്.
കുടുംബങ്ങളെ പിന്തുണച്ച് പൊളിച്ചുനീക്കൽ നടപടിക്കെതിരെ രംഗത്തുവന്ന എം.എൽ.എയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബാഘ്പോർ എം.എൽ.എ ഷെർമാൻ അലിയാണ് അറസ്റ്റിലായത്. ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങൾക്ക് പൊളിക്കൽ സംബന്ധിച്ച് മുൻകൂറായി നോട്ടീസ് നൽകിയിരുന്നെന്ന് സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞയാഴ്ച നഗാവുൻ ജില്ലയിൽ 400 ഏക്കർ ഭൂമി ഇത്തരത്തിൽ ഒഴിപ്പിച്ചിരുന്നു. നഗാവുനിലെ ബതദ്രാവയിലെ നാല് ഗ്രമങ്ങളിലാണ് കൈയേറ്റമൊഴിപ്പിക്കൽ നടപടിയുണ്ടായത്.
കഴിഞ്ഞവർഷം അസമിലെ ദരങ്ങിൽ നടന്ന ഒഴിപ്പിക്കൽ നടപടി സംഘർഷത്തിലേക്ക് വഴിമാറിയിരുന്നു. പൊലീസുമായുള്ള സംഘർഷത്തിൽ ഒരു കുട്ടിയുൾപ്പെടെ രണ്ട് പേർ മരണപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ സർക്കാർ ഭൂമിയും വനഭൂമിയും ഒഴിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഡിസംബർ 21ന് വ്യക്തമാക്കിയിരുന്നു.