India
കര്‍ണാടകയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; കൂട്ടത്തോടെ കൂടുമാറ്റത്തിനൊരുങ്ങി എംഎൽഎമാർ
India

കര്‍ണാടകയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; കൂട്ടത്തോടെ കൂടുമാറ്റത്തിനൊരുങ്ങി എംഎൽഎമാർ

Web Desk
|
19 Aug 2023 4:37 PM GMT

പതിനഞ്ചിലധികം ബിജെപി എംഎൽഎമാരാണ് കൂടുമാറ്റത്തിനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിക്ക് വീണ്ടും തിരച്ചടി. പതിനഞ്ചിലധികം ബിജെപി എംഎൽഎമാരാണ് കൂടുമാറ്റത്തിനൊരുങ്ങുന്നത്. ഇത് ആരൊക്കെയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് മന്ത്രി ചെലവരയ്യസ്വാമി പറഞ്ഞു. അതേസമയം, ബി.എസ്. യെദ്യൂരപ്പ വിളിച്ചുചേർത്ത പ്രധാനപ്പെട്ട യോഗത്തിൽ നിന്ന് രണ്ട് ബിജെപി എംഎൽഎമാർ വിട്ടു നിന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നേതാക്കൾ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ഇല്ലാതാക്കുന്നതിനാണ് ബി.ജെ.പി യോഗം സംഘടിപ്പിച്ചത്. മുൻ മന്ത്രിയും ബി.ജെ.പി എംഎൽഎയുമായ എസ്.ടി. സോമശേഖറും ഭൈരതി ബസവരാജു എംഎൽഎയുമാണ്​ യോഗത്തിൽ പങ്കെടുക്കാത്തവർ. ബെംഗളൂരു സ്വദേശികളായ ഇരുവരും ഒറ്റയ്ക്ക് സീറ്റ് നേടാൻ കഴിവുള്ളവരാണെന്നാണ്​ കോൺഗ്രസ്​ പ്രചരണം.ഡി.കെ. ശിവകുമാർ തന്റെ ഗുരുവാണെന്ന്​ പറഞ്ഞ് സോമശേഖർ നേരത്തെ​ രംഗത്തുവന്നിരുന്നു. ബംഗളൂരുവിലെ കെ.ആർ പുരം സീറ്റിലെ എംഎൽഎയാണ് ഭൈരതി ബസവരാജു.

യെദ്യൂരപ്പയുടെ വസതിയിലായിരുന്നു ബിജെപി യോഗം നടന്നത്​. യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിച്ച യെദിയൂരപ്പ, പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല എന്നും യോഗം തിടുക്കത്തിൽ സംഘടിപ്പിച്ചതാണെന്നും സ്ഥലത്തുണ്ടായവരെല്ലാം യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും പറഞ്ഞു ‘ഓപ്പറേഷൻ ഹസ്ത’ എന്ന രഹസ്യപ്പേരിലാണ് കർണാടകയിൽ​ കോൺഗ്രസ്​ നീക്കം. ഓപ്പറേഷൻ ലോട്ടസിന്​ ബദലായിട്ടാണ്​ ഓപ്പറേഷൻ ഹസ്ത വിഭാവനം ചെയ്​തിരിക്കുന്നത്​.

Similar Posts