India
anti conversion bill
India

ഛത്തീസ്ഗഢിൽ മതപരിവർത്തനം പത്തുവർഷം വരെ തടവു ലഭിക്കുന്ന കുറ്റമാകുന്നു

Web Desk
|
20 Feb 2024 8:17 AM GMT

ബജറ്റ് സെഷനില്‍ ബില്‍ നിയമസഭയില്‍ വയ്ക്കും

റായ്പൂർ: മതപരിവർത്തനത്തിന് പത്തു വർഷം വരെ ജയിൽശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരാനൊരുങ്ങി ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ. ബിൽ ഫെബ്രുവരി അവസാനം നടക്കുന്ന ബജറ്റ് സെഷനിൽ നിയമസഭയിൽ വയ്ക്കും. ഛത്തീസ്ഗഡ് പ്രൊഹിബിഷൻ ഓഫ് അൺലോഫുൾ റിലീജ്യസ് കൺവേർഷൻ എന്ന പേരിലാണ് ബിൽ.

പ്രായപൂർത്തിയാകാത്ത കുട്ടികളെയോ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരെയോ മതപരിവർത്തനം നടത്തിയാൽ മൂന്നു മുതൽ പത്തു വർഷം വരെ തടവാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. കൂട്ടമതപരിവർത്തനം മൂന്നു വർഷം മുതൽ പത്തുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാകും. നിർബന്ധിത മതപരിവർത്തനത്തിന് 'ഇര'യാകുന്നവർക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകേണ്ടി വരും.

'ഫെബ്രുവരി 27നോ 28നോ മതപരിവർത്തന നിരോധന ബില്‍ സഭയിൽ വയ്ക്കു'മെന്ന് ഛത്തീസ്ഗഡ് പാർലമെന്ററി കാര്യമന്ത്രി ബ്രിജ്‌മോഹൻ അഗർവാൾ ഡെക്കാൻ ക്രോണിക്കിൾ പത്രത്തോട് പറഞ്ഞു.

മതം മാറാൻ ആഗ്രഹിക്കുന്നവർ രണ്ടു മാസം മുമ്പെങ്കിലും അക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിക്കേണ്ടതുണ്ട്. പൊലീസ് അന്വേഷണത്തിന് ശേഷം മാത്രമേ പരിവർത്തനം നടത്താൻ അനുമതി നൽകൂവെന്നും ബില്ലിൽ പറയുന്നു.

യുപിയിൽ മതപരിവർത്തനം തടയുന്ന ഓർഡിനൻസിന് സമാനമായ വ്യവസ്ഥകളാണ് ബില്ലിലുള്ളത്. നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്കെതിരെ പരമാവധി അഞ്ചു വർഷം വരെയാണ് യുപിയിൽ തടവുശിക്ഷ. പ്രായപൂർത്തിയാകാത്തവരെയോ എസ്.സി/എസ്ടി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെയോ മതപരിവർത്തനത്തിന് വിധേയമാക്കിയാൽ മൂന്നു വർഷം മുതൽ പത്തു വർഷം വരെ തടവു ലഭിക്കാം. കൂട്ടമതപരിവർത്തനത്തിന് പത്തു വർഷം വരെ തടവും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നുണ്ട്.

Summary: Chhattisgarh BJP Govt prepares to present stringent Anti conversion bill

Similar Posts