ത്രിപുരയിലെ ഹിന്ദുത്വ സംഘടനകളുടെ മുസ്‌ലിം വിരുദ്ധ അതിക്രമങ്ങൾക്ക് അറുതിവരുത്തണം: എസ്.ഐ.ഒ
|കാവി വസ്ത്രധാരികളായ വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗ്രാൻ മഞ്ച്, ബജ്റംഗ്ദൾ, ആർ.എസ്.എസ് പ്രവർത്തകർ അടങ്ങുന്ന മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം ഉയർത്തുന്ന അക്രമാസക്തരായ ജനക്കൂട്ടത്തിന്‍റെ ഫോട്ടോകളും വീഡിയോകളും പുറത്ത് വന്നിരുന്നു
ത്രിപുരയിലെ മുസ്‍ലിം വിരുദ്ധ അതിക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് സ്റ്റുഡന്‍റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്.ഐ.ഒ) ആവശ്യപ്പെട്ടു. ബംഗ്ലാദേശ് ആക്രമണങ്ങൾക്കെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ത്രിപുരയിലുടനീളം ആർ.എസ്.എസ്, വി.എച്ച്.പി, ബജ്റംഗ്ദൾ തുടങ്ങിയ ഹിന്ദുത്വ സംഘടനകൾ നിരവധി മുസ്‌ലിം പള്ളികളും മുസ്‌ലിംകളുടെ വീടുകളും കടകളും നശിപ്പിച്ചു. കാവി വസ്ത്രധാരികളായ വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗ്രാൻ മഞ്ച്, ബജ്റംഗ്ദൾ, ആർ.എസ്.എസ് പ്രവർത്തകർ അടങ്ങുന്ന മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം ഉയർത്തുന്ന അക്രമാസക്തരായ ജനക്കൂട്ടത്തിന്‍റെ ഫോട്ടോകളും വീഡിയോകളും പുറത്ത് വന്നിരുന്നു. ഉനകോട്ടി, വെസ്റ്റ് ത്രിപുര, സെപാഹിജാല, ഗോമാറ്റി ത്രിപുര ജില്ലകളിൽ മുസ്‍ലിം വിരുദ്ധ അക്രമങ്ങൾ നടന്നിട്ടുണ്ട്. പള്ളികൾ നശിപ്പിക്കൽ, കല്ലെറിയൽ, വീടുകൾ കൊള്ളയടിക്കൽ, കച്ചവടക്കാരെ ഒഴിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
"ത്രിപുരയിലെ മുസ്‍ലിം വിരുദ്ധ നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ത്രിപുരയിലെ സ്ഥിതി അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്, പള്ളികൾ കത്തിച്ചതായും മുസ്‌ലിം വീടുകളുടെയും സ്വത്തിന്‍റെയും നശീകരണത്തെക്കുറിച്ചും ഒന്നിലധികം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ അക്രമത്തിനെതിരെ പ്രതിഷേധിച്ച വി.എച്ച്.പി ജനക്കൂട്ടം ത്രിപുരയിലെ മുസ്‍ലിംകൾക്കെതിരായ അതിക്രമങ്ങളിലേക്ക് തിരിയുന്നതായി കാണുന്നു"- എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സൽമാൻ അഹ്മദ് പറഞ്ഞു.
എസ്.ഐ.ഒയുടെയും അസോസിയേഷൻ ഓഫ് പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സിന്‍റെയും (എ.പി.സി.ആർ) പ്രതിനിധി സംഘം ഉനകോട്ടി ജില്ലയിലെ പൊലീസ് സൂപ്രണ്ടിനും (എസ്പി) ജില്ലാ മജിസ്ട്രേറ്റിനും ഒരു മെമ്മോറാണ്ടം സമർപ്പിക്കുകയും ത്രിപുരയിലുടനീളം മുസ്‍ലിം സ്ഥാപനങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. അക്രമികളെ അറസ്റ്റ് ചെയ്യാനും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എസ്.പി ഉറപ്പ് നൽകി. കൈലഷഹാറിലും കുമാർഗത്തിലും രണ്ട് സമാധാന സംരക്ഷണ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
"ഹിന്ദുത്വ സേനയെ ആക്രമണാത്മക പ്രസ്താവനകളാൽ പ്രീണിപ്പിക്കുമ്പോഴും മുഖ്യമന്ത്രിയും സംസ്ഥാന ഭരണകൂടവും ഈ അതിക്രമങ്ങളെ പൂർണ്ണമായും അവഗണിക്കുന്നതായി തോന്നുന്നു. അക്രമങ്ങൾ തടയുന്നതിനും കുറ്റവാളികൾക്കെതിരായ വേഗത്തിലുള്ള നടപടികൾക്കും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു"-സൽമാൻ അഹ്മദ് പറഞ്ഞു.