ചെറിയ ബിജെപി സ്ഥാനാര്‍ഥി മതി ഹരിയാനയില്‍ വിനേഷ് ഫോഗട്ടിനെ പരാജയപ്പെടുത്താന്‍; പരിഹസിച്ച് ബ്രിജ് ഭൂഷണ്‍ സിങ്
|വിഷ്‌ണോഹർപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബ്രിജ് ഭൂഷണ്‍ സിങ്
ഗോണ്ട: ഗുസ്തിതാരങ്ങളായ ബജ്‍രംഗ് പുനിയയുടെയും വിനേഷ് ഫോഗട്ടിന്‍റെയും രാഷ്ട്രീയ പ്രവേശത്തെ പരിഹസിച്ച് ബിജെപി മുന്‍ എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്. ഹരിയാനയില്‍ മത്സരിച്ചാല്‍ ബിജെപി സ്ഥാനാര്‍ഥികള്‍ ഇവരെ പരാജയപ്പെടുത്തുമെന്നും സിങ് പറഞ്ഞു. പാർട്ടി അനുവദിച്ചാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൻ്റെ വസതിയായ വിഷ്‌ണോഹർപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബ്രിജ് ഭൂഷണ്‍ സിങ്.
ഈയിടെയാണ് പുനിയയും ഫോഗട്ടും കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചത്. ബജ്‍രംഗ് പുനിയയെ അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനായി നിയമിച്ചു. അതേസമയം വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തില്‍ നിന്നും മത്സരിക്കും. വിനേഷിനെ മത്സരരംഗത്തിറക്കിയതോടെ ഹരിയാനയില്‍ മുന്നേറ്റം നടത്താമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ്.
''ഇക്കൂട്ടർ രാഷ്ട്രീയത്തെ ഒരു കാറ്റായി കണക്കാക്കുന്നു.നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ നിന്ന് വിജയിക്കുമെന്നാണ് അവർ കരുതുന്നത്. അവർക്ക് ഹരിയാനയിലെ ഏത് നിയമസഭാ സീറ്റിലും മത്സരിക്കാം. എന്നാല്‍ ചെറിയ ബിജെപി സ്ഥാനാര്‍ഥി മതി അവരെ പരാജയപ്പെടുത്താന്‍. എൻ്റെ പാർട്ടി നിർദേശിച്ചാൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഞാനും പോയി പ്രചാരണം നടത്തും. അവരുടെ സമുദായത്തിലെ ആളുകളിൽ നിന്ന് എനിക്ക് പരമാവധി പിന്തുണ ലഭിക്കുമെന്നാണ് എന്‍റെ വിശ്വാസം. അവർക്ക് മുന്നിൽ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി പ്രചാരണം നടത്താൻ ഞാൻ തയ്യാറാണ്'' ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത്, "നിങ്ങൾ ഇവിടെ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഞങ്ങൾ നിങ്ങളെ വിജയിപ്പിക്കുമെന്ന് ഹരിയാനയിലെ ജനങ്ങൾ പറഞ്ഞിരുന്നു, എന്നാൽ ആ സമയത്ത് ഞാൻ അത് നിരസിച്ചിരുന്നു" അദ്ദേഹം അവകാശപ്പെട്ടു.
തങ്ങളുടെ നേട്ടത്തിനു വേണ്ടിയാണ് നിരവധി കോൺഗ്രസ് നേതാക്കൾ ഗുസ്തിക്കാരുടെ പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും സിങ് ആരോപിച്ചു. ഒന്നിന് പിറകെ ഒന്നായി പല ഗുസ്തിക്കാരെയും തങ്ങളുടെ പണയക്കാരാക്കിയെന്നും കോൺഗ്രസ് ഗുസ്തിക്കാർക്കൊപ്പം ചേർന്ന് ഈ രാജ്യത്ത് ഗുസ്തി തകർത്തുവെന്നും കുറ്റപ്പെടുത്തി. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് ഗുസ്തി എന്താണെന്ന് പോലും അറിയില്ലായിരുന്നു. " ഗുസ്തി ഫെഡറേഷന്‍റെ പ്രസിഡൻ്റായതിന് ശേഷം, എൻ്റെ പ്രയത്‌നത്താൽ ആളുകൾ ഇന്ത്യയിൽ ഗുസ്തിയെക്കുറിച്ച് അറിയാൻ തുടങ്ങി, ഗുസ്തിക്കാർ അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡലുകൾ നേടി." ഡൽഹിയിൽ ഗുസ്തിക്കാർ പ്രതിഷേധിച്ചപ്പോൾ നന്ദിനി നഗറിൽ (ഗോണ്ട) ജൂനിയർ, സീനിയർ തലത്തിലുള്ള ഗുസ്തി മത്സരം സംഘടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിഷേധം മൂലം മത്സരം റദ്ദാക്കേണ്ടിവന്നു. പ്രതിഷേധം കോൺഗ്രസിൻ്റെ ഗൂഢാലോചനയാണെന്നും അദ്ദേഹം ആവർത്തിച്ചു.
വ്യാഴാഴ്ച ഇവിടെ സ്വകാര്യ സ്‌കൂളിൽ നടന്ന സ്മാർട്ട്‌ഫോൺ വിതരണ ചടങ്ങിലും ബ്രിജ് ഭൂഷണ്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. ''ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ദീപേന്ദർ സിംഗ് ഹൂഡയും ഭൂപീന്ദർ സിംഗ് ഹൂഡയും എനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്.ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ല. ഈ സമയത്ത് ബ്രിജ് ഭൂഷൺ ശരൺ സിങ് ഈ വിഷയത്തിൽ എന്തെങ്കിലും പറയുന്നതിനായി രാജ്യം മുഴുവൻ കാത്തിരിക്കുകയാണ്.വനിതാ ഗുസ്തിക്കാർ എനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ ഇത് കോൺഗ്രസിൻ്റെ ഗൂഢാലോചനയാണെന്ന് ഞാൻ പറഞ്ഞിരുന്നു.1996ലും എനിക്കെതിരെ ഗൂഢാലോചന നടന്നിരുന്നു. ആ സമയത്ത് എൻ്റെ ഭാര്യ കേത്കി സിംഗ് എംപിയായി. ഗൂഢാലോചനയുടെ ഭാഗമായി അന്ന് ഞാൻ തിഹാർ ജയിലിലായിരുന്നു'' സിങ് വിശദീകരിച്ചു.
1996-ൽ മുംബൈയിലെ ഒരു ക്രിമിനൽ കേസിൽ ടാഡ നിയമപ്രകാരം സിങ് അറസ്റ്റിലാവുകയും തുടർന്ന് തിഹാർ ജയിലിൽ തടവിലാക്കപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് പകരം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗോണ്ടയിൽ നിന്ന് സിങ്ങിന്‍റെ ഭാര്യയെയാണ് ബിജെപി രംഗത്തിറക്കിയത്. ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ വനിതാ ഗുസ്തി താരങ്ങളുടെ ആരോപണത്തെത്തുടർന്ന് സിങ്ങിന് കൈസർഗഞ്ചിൽ നിന്ന് ബിജെപി ടിക്കറ്റ് നൽകാതെ മകൻ കരൺ ഭൂഷൺ സിങ്ങിനെ സ്ഥാനാർഥിയാക്കിയിരുന്നു. എസ്പിയുടെ ഭഗത് റാമിനെ പരാജയപ്പെടുത്തി 1.48 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കരൺ ഭൂഷൺ വിജയിച്ചത്.