ബംഗാൾ സർക്കാരിൻ്റെ 'അപരാജിത' ബില്ല് ഗവർണർ രാഷ്ട്രപതിക്ക് വിട്ടു
|ബലാത്സംഗ കൊലപാതകത്തിന് വധശിക്ഷ ഉറപ്പാക്കുന്നതാണ് ബിൽ
ന്യൂഡൽഹി: ബംഗാൾ സർക്കാരിൻ്റെ അപരാജിത ബില്ല് ഗവർണർ രാഷ്ട്രപതിക്ക് വിട്ടു. കഴിഞ്ഞ ദിവസമാണ് ബില്ല് നിയമസഭ പാസാക്കിയത്. ബലാത്സംഗ കൊലപാതകത്തിന് വധശിക്ഷ ഉറപ്പാക്കുന്നതാണ് ബിൽ. അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ (പശ്ചിമബംഗാൾ ക്രിമിനൽ ലോ ആൻഡ് അമെൻമെന്റ്) 2024 ഐകകണ്‌ഠ്യേനയാണ് നിയമസഭ പാസാക്കിയത്.
ബലാത്സംഗ കേസുകളിൽ ഇര മരിക്കുകയോ കോമയിലാവുകയോ ചെയ്യുന്ന പക്ഷം പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ബില്ലിൽ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ബലാത്സംഗം, കൂട്ടബലാത്സംഗം, മറ്റ് ലൈംഗിക പീഡനങ്ങൾ എന്നിവയിൽ പ്രതിക്ക് പരോൾ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയും ശിപാർശ ചെയ്യുന്നുണ്ട്.
ഇതോടെ കേന്ദ്ര ക്രിമിനൽ നിയമം ഭേദഗതി ചെയ്ത് ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി. കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബംഗാൾ സർക്കാർ അതിവേഗം പുതിയ നിയമത്തിന് രൂപം നൽകിയത്.
ഭാരതീയ ന്യായ് സൻഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത 2023, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012 എന്നിവക്കു കീഴിലുള്ള വ്യവസ്ഥകളിൽ ബില്ല് ഭേദഗതികൾ ആവശ്യപ്പെടുന്നുണ്ട്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ ശിക്ഷിക്കുന്ന ചില വകുപ്പുകൾ നീക്കം ചെയ്യണം എന്നതാണ് ഇതിൽ പ്രധാനം. ബലാത്സംഗകേസുകളിൽ അതിവേഗ ഫാസ്റ്റ്ട്രാക്ക് കോടതികൾ വേണമെന്നും പോക്‌സോ നിയമങ്ങൾ കർശനമാക്കണമെന്നും ബില്ലിൽ പറയുന്നുണ്ട്. ലൈംഗികാതിക്രമകേസുകൾ പരിഗണിക്കാൻ 52 പ്രത്യേക കോടതികൾ സ്ഥാപിക്കും. കോടതി നടപടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും ബില്ലിൽ നിർദേശിക്കുന്നു.