India
apple and sc
India

മോഷ്ടിക്കപ്പെട്ട ഫോൺ കണ്ടെത്തിക്കൊടുക്കേണ്ട ബാധ്യത ആപ്പിളിനില്ല: സുപ്രിംകോടതി

Web Desk
|
20 Feb 2024 10:04 AM GMT

രണ്ടംഗ ബഞ്ചിന്റേതാണ് വിധി

ന്യൂഡൽഹി: മോഷ്ടിക്കപ്പെട്ട ഫോൺ യുണീക് ഐഡന്റിറ്റി നമ്പർ വഴി കണ്ടെത്തിക്കൊടുക്കേണ്ട ബാധ്യത മൊബൈൽ ഫോൺ കമ്പനിക്കില്ലെന്ന് സുപ്രിംകോടതി. ആപ്പിൾ കമ്പനിക്കെതിരെ ഒഡിഷ ഉപഭോക്തൃ കമ്മിഷൻ നടത്തിയ നിരീക്ഷണം റദ്ദാക്കിയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബഞ്ചിന്റെ വിധി. കമ്മിഷൻ നടത്തിയ നിരീക്ഷണം അനുചിതമായെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള, മോഷ്ടിക്കപ്പെട്ട ഫോൺ കണ്ടെത്തി നൽകണമെന്നാവശ്യപ്പെട്ട് ഒരു ഉപഭോക്താവാണ് ആപ്പിളിനെതിരെ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയിരുന്നത്. വാദം കേട്ട കമ്മിഷൻ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടു. യുണീക് നമ്പർ ഉപയോഗിച്ച് ഫോൺ കണ്ടുപിടിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നൽകാൻ സന്നദ്ധമായ ആപ്പിൾ കമ്മിഷന്റെ നിരീക്ഷണത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

ഇത്തരം നിർദേശങ്ങൾ തുടർന്നാൽ കമ്പനി 'നഷ്ടപ്പെട്ട ഉത്പന്നങ്ങൾ തിരിച്ചുപിടിക്കുന്ന അന്വേഷണ ഏജൻസി' ആകേണ്ടി വരുമെന്ന് ആപ്പിൾ ഇന്ത്യ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആപ്പിള്‍ ഇന്ത്യയുടെ വാദങ്ങള്‍ മുഖവിലക്കെടുത്ത കോടതി കമ്മിഷന്‍ നിരീക്ഷണങ്ങള്‍ ശരിയായില്ലെന്ന തീര്‍പ്പിലെത്തുകയായിരുന്നു.

Summary: Apple Has No Duty To Trace Stolen iPhone Using Unique Identity Number : Supreme Court

Related Tags :
Similar Posts