150 അടി താഴ്ചയിലേക്ക് വീണു; 17 കാരന്റെ ജീവൻ രക്ഷിച്ചത് ആപ്പിൾ വാച്ച്
|സംഭവത്തില്‍ പ്രതികരണവുമായി ആപ്പിൾ സി.ഇ.ഒ ടിം കുക്ക് രംഗത്തെത്തി
മുംബൈ: അപകടത്തിൽപ്പെട്ട 17 കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ആപ്പിൾ വാച്ച്. മഹാരാഷ്ട്രയിലാണ് സംഭവം. കൂട്ടുകാരുമൊത്ത് ട്രക്കിങ്ങിന് പോയപ്പോഴാണ് സ്മിത്ത് മേത്ത എന്ന 17 കാരൻ 150 അടിതാഴേക്ക് വീണുപോയത്. മൂന്ന് കൂട്ടുകാർക്കൊപ്പം മഹാരാഷ്ട്രയിലെ വിസാപൂർ കോട്ടയിലേക്കായിരുന്നു ട്രക്കിങിന് പോയത്.
ആസമയത്ത് കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. തിരികെ വരുന്ന വഴി ചെളി നിറഞ്ഞ പാറയിൽ ചവിട്ടി കൊക്കയിലേക്ക് തെന്നിവീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കണങ്കാലുകളുടെ എല്ലുകൾക്ക് പൊട്ടലുണ്ടായെന്നും സ്മിത്ത് പറഞ്ഞതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. കൊക്കയിൽ വീഴുമ്പോൾ തന്റെ കൈയിൽ ഫോണില്ലായിരുന്നു. കാടുമൂടിക്കിടക്കുന്നതിനാൽ കൂട്ടുകാർക്ക് സ്മിത്തിനെ കണ്ടെത്താനും കഴിയില്ല. ആസമയത്ത് ആപ്പിൾ വാച്ച് എന്റെ കൈയിലുണ്ടായിരുന്നു. അതുവഴി കൂട്ടുകാരെ വിളിക്കാൻ സാധിച്ചു. കൂട്ടുകാർ സ്മിത്തിന്റെ മാതാപിതാക്കളെ വിളിച്ച് അപകടം നടന്ന സ്ഥലം കൃത്യമായി പറഞ്ഞുകൊടുക്കാനും സാധിച്ചെന്നും ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
രക്ഷാപ്രവർത്തകരെത്തുമ്പോൾ ഞാൻ വേദനകൊണ്ട് നിലവിളിക്കുകയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെടുത്തി പൂനെയിലെ ഓർത്തോപീഡിക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്നും സ്മിത്ത് പറയുന്നു. ജൂലൈയിലാണ് അപകടം നടന്നത്. ആഗസ്റ്റ് 7 ന് ഡിസ്ചാർജ് ചെയ്തു.ഒക്ടോബർ 13 വരെ ഞാൻ ബെഡ് റെസ്റ്റിലായിരുന്നു. തന്റെ ജീവൻ രക്ഷിച്ച സംഭവം വിവരിച്ചും നന്ദിയറിയിച്ചും ആപ്പിൾ സി.ഇ.ഒ ടിം കുക്കിന് സ്മിത്ത് മെയിൽ അയച്ചിരുന്നു. മെയിലിന് കുക്ക് മറുപടി തന്നെന്നും സ്മിത്ത് ഐഎഎൻഎസിനോട് പറഞ്ഞു.
' നടന്നത് വലിയൊരു അപകടമാണെന്ന് തോന്നുന്നു. നിങ്ങളുടെ കഥ ഞങ്ങളുമായി പങ്കിട്ടതിന് വളരെയധികം നന്ദി. നിങ്ങൾ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു,' കുക്ക് മറുപടി നൽകി. സംഭവം ഏതായാലും സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഇതാദ്യമായല്ല ആപ്പിൾ വാച്ച് അപകടത്തിൽപ്പെട്ടവർക്ക് രക്ഷകരായത്. മുമ്പും നിരവധി തവണ ആപ്പിള്‍ വാച്ച് പലരുടെയും ജീവന് രക്ഷിച്ചിട്ടുണ്ട്.