കേരള ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം: കേന്ദ്രത്തെ തള്ളി കൊളീജിയം
|രാഷ്ട്രീയ പശ്ചാത്തലമല്ല യോഗ്യതയാണ് പരിഗണിക്കുകയെന്ന് കൊളീജിയം
കൊച്ചി:നീതിന്യായ വകുപ്പിൻ്റെ റിപ്പോർട്ട് തള്ളിയ സുപ്രിംകോടതി കൊളീജിയം അഡ്വ.പിഎം മനോജടക്കം ആറ് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി ശിപാർശ ചെയ്തു.അഡ്വ. അബ്ദുൽ ഹക്കിം എം.എ,അഡ്വ.വിഎം ശ്യാം കുമാർ, അഡ്വ.ഹരിശങ്കർ വി മേനോൻ, അഡ്വ. ഈശ്വരൻ സുബ്രഹ്മണി,ഡെപ്യൂട്ടി സോളിസിറ്റർ ജനറലായിരുന്ന അഡ്വ. എസ് മനു എന്നിവരെയാണ് കേരള ഹൈക്കോടതി ജഡ്ജിമാരായി സുപ്രിംകോടതി കൊളീജിയം ശിപാർശ ചെയ്തത്.
അഡ്വ.പിഎം മനോജ് സിപിഎം അനുഭാവി ആണെന്നായിരുന്നു റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ ശിപാർശയിലാണ് രാഷ്ട്രീയ പശ്ചാത്തലമല്ല യോഗ്യതയാണ് പരിഗണിക്കുകയെന്ന് കൊളീജിയം പരാമർശിച്ചത്. 2010 ലും 2016 -2021 കാലയളവിലും സർക്കാർ സ്റ്റാൻഡിങ് കൗൺസിലർ ആയിരുന്നെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എൽ.ഡി.എഫ് സർക്കാരിൻ്റെ സ്റ്റാൻഡിങ് കൗൺസിലർ ആയിരുന്നു എന്ന കാരണത്താൽ അദ്ദേഹത്തെ പരിഗണിക്കാതിരിക്കാനാകില്ല. സർക്കാരിനായി നിരവധികേസുകളിൽ പിഎം മനോജ് വാദിച്ചിട്ടുണ്ട്. പിഎം മനോജിൻ്റെ യോഗ്യതയിൽ തൃപ്തിയുണ്ടെന്നും കൊളീജിയം വ്യക്തമാക്കി.
ഡെപ്യൂട്ടി സോളിസിറ്റർ ജനറലായിരുന്ന എസ് മനു ശരാശരി നിലവാരം പുലർത്തുന്ന ആളാണെന്ന സംസ്ഥാന സർക്കാരിൻ്റെ റിപ്പോർട്ടും കൊളീജിയം പരിഗണിച്ചില്ല.എസ് മനുവിനെയും കൊളീജിയം ശിപാർശ ചെയ്തു.