മറ്റ് ഭാഷകൾ പഠിപ്പിക്കുന്നില്ലെന്ന്; അറബിക് മീഡിയം സ്കൂളുകളെ കുറിച്ച് റിപ്പോർട്ട് തേടി കർണാടക സർക്കാർ
|മറ്റ് എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കുട്ടികൾക്ക് തതുല്യമായ വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നാണ് സർക്കാർ വാദം.
ബെംഗളുരു: സംസ്ഥാനത്തെ അറബിക് മീഡിയം സ്കൂളുകളെ കുറിച്ച് റിപ്പോർട്ട് തേടി കർണാടക സർക്കാർ. സർക്കാർ നിർബന്ധമാക്കിയ മറ്റ് ഭാഷകൾ പഠിപ്പിക്കുന്നില്ലെന്ന പരാതികളെ തുടർന്നാണ് നീക്കമെന്നാണ് സർക്കാർ പറയുന്നത്. മറ്റ് എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ അറബിക് മീഡിയം കുട്ടികൾക്ക് തതുല്യമായ വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നാണ് സർക്കാർ വാദം.
മികച്ച വിദ്യാഭ്യാസത്തിന്റെ അഭാവം മൂലം അറബിക് മീഡിയം സ്കൂളുകളിലെ കുട്ടികൾക്ക് മറ്റ് മീഡിയങ്ങളിലെ കുട്ടികൾക്കൊപ്പം എത്താൻ സാധിക്കുന്നില്ലെന്ന് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു.
"സംസ്ഥാനത്ത് 106 എയ്ഡഡ്, 86 അൺ എയ്ഡഡ് അറബിക് മീഡിയം സ്കൂളുകളാണുള്ളത്. ഇവയിൽ ഭൂരിഭാഗവും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരിക്കുന്ന സിലബസോ വിഷയങ്ങളോ പഠിപ്പിക്കുന്നില്ലെന്ന് ഒരു സർവേയിലൂടെ കണ്ടെത്തി. മറ്റു ഭാഷകളും സയൻസും ഇവിടെ പഠിപ്പിക്കുന്നില്ല"- എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രതിവർഷം 27,000 കുട്ടികളാണ് അറബിക് സ്കൂളുകളിൽ ചേരുന്നത്. കൊഴിഞ്ഞുപോക്ക് വളരെ കൂടുതലായതിനാൽ ഇതിൽ 2000ഓളം പേർ മാത്രമാണ് 10ാം ക്ലാസിനു ശേഷം പഠനം തുടരുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. സാഹചര്യം പഠിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻ്റ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ മദ്രസകളെ കുറിച്ചുള്ള റിപ്പോർട്ട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോൾ അറബിക് മീഡിയം സ്കൂളുകൾക്കെതിരായ നീക്കവും സർക്കാർ ആരംഭിച്ചിരിക്കുന്നത്. ഇതുപ്രകാരം, സംസ്ഥാനത്തെ 960 മദ്രസകളുടെ റിപ്പോർട്ട് വിദ്യാഭ്യാസവകുപ്പ് സമർപ്പിക്കേണ്ടതുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.