India
Arcot Suresh’s wife held in Tamilnadu Bsp Chief Murder case
India

തമിഴ്നാട് ബി.എസ്.പി അധ്യക്ഷന്റെ കൊലപാതകം; കൊല്ലപ്പെട്ട ഗുണ്ടാത്തലവന്റെ ഭാര്യ അറസ്റ്റിൽ

Web Desk
|
20 Aug 2024 10:30 AM GMT

ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിനു പിന്നാലെ ഒളിവിലായിരുന്ന ഇവരെ റാണിപേട്ട ജില്ലയിലെ പൊന്നൈയിൽ നിന്നാണ് പിടികൂടിയത്.

ചെന്നൈ: തമിഴ്നാട് ബി.എസ്.പി അധ്യക്ഷൻ കെ. ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്ന സംഭവത്തിൽ ​ഗുണ്ടാനേതാവിന്റെ ഭാര്യ അറസ്റ്റിൽ. കഴിഞ്ഞവർഷം കൊല്ലപ്പെട്ട ​ഗുണ്ടാനേതാവ് ആർക്കോട്ട് സുരേഷിന്റെ ഭാര്യ എസ്. പോർകൊടി(40)യാണ് പിടിയിലായത്. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിനു പിന്നാലെ ഒളിവിലായിരുന്ന ഇവരെ റാണിപേട്ട ജില്ലയിലെ പൊന്നൈയിൽ നിന്നാണ് പിടികൂടിയത്.

ഇതോടെ സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 24 ആയി. കൊലപാതകികൾക്ക് ആവശ്യമായ സാമ്പത്തിക സഹായം ചെയ്തത് പോർകൊടിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിനുള്ള ചെലവുകൾക്കായി ഏതാനും മാസങ്ങൾക്കു മുമ്പ് ആർക്കോട്ട് സുരേഷിന്റെ സഹോദരനും മുഖ്യപ്രതിയുമായ പൊന്നൈ ബാലുവിന് പോർകൊടി തന്റെ പത്ത് പവൻ തൂക്കമുള്ള സ്വർണാഭരണം നൽകിയതായി പൊലീസ് വ്യക്തമാക്കി.

കേസിൽ പൊന്നൈ ബാലുവടക്കമുള്ളവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 14ന് പ്രതികളിലൊരാളായ കെ. തിരുവെങ്കടം എന്നയാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ജൂലൈ അഞ്ചിന് ചെന്നൈയിലെ പെരമ്പൂരിൽ വച്ചാണ് ആംസ്ട്രോങ്ങിനെ ബാലുവും സംഘവും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

കേസിൽ ബി.ജെ.പി ജില്ലാ നേതാവായ അഞ്ചലൈ (48)യും അറസ്റ്റിലായിരുന്നു. പ്രതികളിലൊരാൾക്ക് പത്ത് ലക്ഷം രൂപ കൈമാറിയതുമായി ബന്ധപ്പെട്ടാണ് ജൂലൈ 20ന് ഇവരെ അറസ്റ്റ് ചെയ്തത്. മുൻ ഹോംഗാർഡ് ആയിരുന്ന ടി. പ്രദീപ്, അഭിഭാഷകനായ ബി. ശിവ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും.

ചെന്നൈയിലെ വീടിന് സമീപം ബി.എസ്.പി പ്രവർത്തകർക്കൊപ്പം നിൽക്കുമ്പോൾ ബൈക്കുകളിൽ എത്തിയ ആറംഗ സംഘം ആംസ്ട്രോങ്ങിനെ വകവരുത്തുകയായിരുന്നു. ഭൂമിയിടപാടിലെ തർക്കത്തിന് പിന്നാലെ ആംസ്ട്രോങ്ങിനോട് നിരവധിപേർക്ക് പകയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് 18നാണ് കൊലപാതകമടക്കം 30 ക്രിമിനൽ കേസുകളിൽ പ്രതിയായ വി. സുരേഷ് എന്ന ആർക്കോട്ട് സുരേഷ് കൊല്ലപ്പെട്ടത്.

Similar Posts