മിസോറാമിലെ മെയ്തെയ് വിഭാഗക്കാരെ വിമാനമാർഗം മണിപ്പൂരിലെത്തിക്കാൻ നീക്കം
|സുരക്ഷാ മുൻനിർത്തി സംസ്ഥാനം വിടണമെന്ന് മുൻ വിഘടന വാദ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു
ഇംഫാല്‍: മിസോറാമിലെ മെയ്തെയ് വിഭാഗക്കാരെ വിമാനമാർഗം മണിപ്പൂരിലെത്തിക്കാൻ നീക്കം ഊർജിതം. സുരക്ഷാ മുൻനിർത്തി സംസ്ഥാനം വിടണമെന്ന് മുൻ വിഘടന വാദ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് മണിപ്പൂർ സർക്കാർ നടപടി സ്വീകരിക്കുന്നത്.
രണ്ട് കുകി യുവതികളെ നഗ്നരാക്കി നടത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മിസോറാമിലെ മെയ്തെയ് വിഭാഗക്കാരോട് സംസ്ഥാന വിടണമെന്ന് വിഘടന വാദ ഗ്രൂപ്പ് ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് പലരും ഇതിനോടകം തന്നെ മിസോറാമിൽ നിന്ന് പലായനം ചെയ്തു. എടിആര്‍ വിമാനങ്ങളിൽ മിസോറാമിലെ ഐസോളിൽ നിന്നും ഇംഫാലിലേക്കും സിൽച്ചറിലേക്കുമായിരിക്കും ഇവരെ കൊണ്ടുവരുക. അതേ സമയം മെയ്തെയ്കള്ക്ക് പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. മെയ്തെയ്കൾ കൂടുതലുള്ള വെറ്റി കോളേജ്, മിസോറാം യൂണിവേഴ്സിറ്റി, റിപാൻസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം സുരക്ഷ ശക്തമാക്കി.കൂടാതെ മെയ്തെയ്കൾ കൂടുതലായി താമസിക്കുന്ന ഐസോളിലെ നഗരപ്രദേശത്തും സുരക്ഷ ശക്തമാക്കി.മെയ്തെയ്കൾ സുരക്ഷ ഉറപ്പ് നൽകുമെന്ന് മിസോറാം സർക്കാർ അറിയിച്ചു.
പെൺകുട്ടികളുടെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ മണിപ്പൂർ മുഖ്യമന്ത്രിക്കെതിരെ കുകി വിഭാഗം ബി.ജെ.പി എം.എൽ.എമാർ രംഗത്തെത്തി. വംശീയ അക്രമത്തിൽ സംസ്ഥാനത്തിന്റെ ഒത്താശയുണ്ടെന്ന് എം.എൽ.എമാർ ആരോപിച്ചു. യുവതികളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച കേസിൽ അന്വേഷണം തുടരുന്നതായി മണിക്കൂർ പൊലീസ് അറിയിച്ചു. മണിപ്പൂരിലുള്ള ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാത മാലിവാൾ മുഖ്യമന്ത്രിയെ കാണാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ ഭരണ പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് പ്രക്ഷുബ്ധമാകും. മണിപ്പൂർ വിഷയം പ്രതിപക്ഷം ഉയർത്തുമ്പോൾ രാജസ്ഥാൻ, പശ്ചിമ ബംഗാൾ സംസ്ഥനങ്ങളിൽ സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ ഉയർത്തിയാകും ബി.ജെ.പിയുടെ പ്രതിരോധം. പാർലമെന്റിന് പുറത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിപക്ഷ പാർട്ടികളും ബി.ജെ.പിയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മണിപ്പൂരിലെ സാഹചര്യം പ്രധാനമന്ത്രി വിവരിക്കണം, വിഷയം ഇരുസഭകളും നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണം തുടങ്ങിയ ആവശ്യങ്ങൾ പ്രതിപക്ഷം ഉയർത്തും.