അർജുനായി ഇന്നുമുതൽ വീണ്ടും തിരച്ചിൽ; ട്രക്കിന്‍റെ കൃത്യമായ സ്ഥാനം കണ്ടെത്താൻ സോണാർ പരിശോധന
|ട്രക്കിന്‍റെ സ്ഥാനം കൃത്യമായി കണ്ടെത്താൻ ഗംഗാവലിപ്പുഴയിൽ നാവികസേനയുടെ നേതൃത്വത്തിൽ സോണാർ പരിശോധനയാണ് നടത്തുക
അങ്കോല: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനഃരാരംഭിക്കും. ട്രക്കിന്‍റെ സ്ഥാനം കൃത്യമായി കണ്ടെത്താൻ ഗംഗാവലിപ്പുഴയിൽ നാവികസേനയുടെ നേതൃത്വത്തിൽ സോണാർ പരിശോധനയാണ് നടത്തുക.
നദിയിലെ അടിയൊഴുക്ക് 3.5 നോട്ട് ആയാൽ മാത്രമെ നദിയിൽ തിരച്ചിൽ സാധ്യമാവൂ. നിലവിൽ 5.4 നോട്ടാണ് അടിയൊഴുക്ക്. ഈ ആഴ്ച നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. അടിയൊഴുക്ക് കുറഞ്ഞാൽ നദിയിലും മുങ്ങൽ വിദഗ്ധരുടെ തെരച്ചിൽ നടത്താനാണ് തീരുമാനം. നേരത്തെ നാല് പോയിന്‍റുകളിലാണ് ട്രക്കിന്‍റെ സ്ഥാനം സംബന്ധിച്ച് സാധ്യത കണ്ടെത്തിയത്. എന്നാല്‍ പുഴയിലെ ശക്തമായ അടിയൊഴുക്കില്‍ ട്രക്കിന്‍റെ സ്ഥാനം മാറാന്‍ സാധ്യതയുണ്ട്. ട്രക്കിന്‍റെ സ്ഥാനം കൃത്യമായി കണ്ടെത്താനാണ് നാവിക സേന വീണ്ടും പരിശോധനയ്ക്ക് ഇറങ്ങുന്നത്.
ജൂലൈ 16ന് രാവിലെ 8.15ഓടെയാണ് ദേശീയപാത 66ലെ ഷിരൂരിൽ കുന്നിടിഞ്ഞ് വൻ അപകടം ഉണ്ടായത്. അപകടത്തിൽ 11 പേർ കാണാതായിരുന്നു. ഇതിൽ എട്ടു പേരുടെ മൃതദേഹം കണ്ടെത്തി. അപകടത്തിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുൻ ഉൾപ്പടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.