India
Arjuna Awardee Paramilitary Officer Guilty Of Sex Abuse, Faces Dismissal
India

അർധസൈനിക വിഭാ​ഗത്തിലെ വനിതകളെ പീഡിപ്പിച്ചു; സിആർപിഎഫ് ഉന്നത ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടാൻ കേന്ദ്രം

Web Desk
|
27 April 2024 4:33 AM GMT

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ്റെ ശിപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതിനു പിന്നാലെ ഉദ്യോഗസ്ഥന് സിആർപിഎഫ് പിരിച്ചുവിടൽ നോട്ടീസ് നൽകി.

ന്യൂഡൽഹി: അർധസൈനിക വിഭാഗത്തിലെ വനിതാ ഉദ്യോ​ഗസ്ഥരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിലെ (സിആർപിഎഫ്) ഉന്നത ഉദ്യോ​ഗസ്ഥനെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. ഡിഐജി റാങ്കിലുള്ള മുൻ ചീഫ് സ്‌പോർട്‌സ് ഓഫീസറെ പിരിച്ചുവിടാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അർജുന അവാർഡ് ജേതാവ് കൂടിയായ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഖജൻ സിങ്ങിനെതിരെയാണ് നടപടി. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ്റെ ശിപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതിനു പിന്നാലെ ഉദ്യോഗസ്ഥന് സിആർപിഎഫ് പിരിച്ചുവിടൽ നോട്ടീസ് നൽകി.

നോട്ടീസിന് 15 ദിവസത്തിനുള്ളിൽ മറുപടി നൽകാൻ ഉദ്യോ​ഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി. സിആർപിഎഫ് നടത്തിയ അന്വേഷണത്തിൽ ലൈംഗികാതിക്രമ ആരോപണങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നിലവിൽ മുംബൈയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെ പിരിച്ചുവിടൽ നോട്ടീസ് പുറപ്പെടുവിച്ചത്.

ആഭ്യന്തര കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് സിആർപിഎഫ് ആസ്ഥാനം സ്വീകരിക്കുകയും ആവശ്യമായ അച്ചടക്ക നടപടിക്കായി യുപിഎസ്‌സിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കൈമാറുകയായിരുന്നു. അതുപ്രകാരം യുപിഎസ്‌സിയും ആഭ്യന്തര മന്ത്രാലയവും ഖജൻ സിങ്ങിനെതിരെ പിരിച്ചുവിടൽ ഉത്തരവിറക്കിയതായി വൃത്തങ്ങൾ അറിയിച്ചു.

രണ്ട് ആരോപണങ്ങളാണ് ഉദ്യോഗസ്ഥൻ നേരിടുന്നത്. ഒരു കേസിലാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിട്ടുള്ളതെങ്കിൽ രണ്ടാമത്തേത് പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, വിഷയത്തിൽ പിടിഐയുടെ ചോദ്യത്തോട് ഖജൻ സിങ് പ്രതികരിച്ചില്ല.

രാജ്യത്തെ ഏറ്റവും വലിയ അർധസൈനിക വിഭാഗമായ സിആർപിഎഫിൻ്റെ ചീഫ് സ്‌പോർട്‌സ് ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഖജൻ സിങ്. 1986 സിയോൾ ഏഷ്യൻ ഗെയിംസിൽ 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ ഇദ്ദേഹം വെള്ളി മെഡൽ നേടിയിരുന്നു. 1951ന് ശേഷം നീന്തലിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്.

നേരത്തെ, ആരോപണം നിഷേധിച്ചു രം​ഗത്തെത്തിയ ഉദ്യോ​ഗസ്ഥൻ തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കമാണെന്നും ആരോപിച്ചിരുന്നു.

ഏകദേശം 3.25 ലക്ഷം ഉദ്യോഗസ്ഥരുള്ള സിആർപിഎഫ്, 1986ലാണ് ആദ്യമായി സ്ത്രീകളെ കോംബാറ്റ് റാങ്കിൽ ഉൾപ്പെടുത്തിയത്. നിലവിൽ ആറ് വനിതാ ബറ്റാലിയനുകളാണുള്ളത്. ആകെ 8,000 ഉദ്യോഗസ്ഥരുണ്ട്. സ്‌പോർട്‌സിലും മറ്റ് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളിലും വനിതാ ജീവനക്കാരുമുണ്ട്.

Similar Posts